അഷ്ടമുടി മുക്ക് - പെരുമൺ റോഡ് വീണ്ടും പണി, എട്ടിന്റെ പണി

Wednesday 01 March 2023 12:17 AM IST

കൊല്ലം: നാട്ടുകാർക്ക് ദുരിതമായി ഒന്നര വർഷത്തോളം മുടങ്ങിക്കിടന്ന അഷ്ടമുടി-പെരുമൺ റോഡ് നിർമ്മാണം പുനരാരംഭിച്ചപ്പോൾ വീണ്ടും എട്ടിന്റെ പണി. വീതി കൂട്ടിയതോടെ റോഡിന്റെ മദ്ധ്യഭാഗത്തായ വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ നിർമ്മാണം വീണ്ടും ആരംഭിച്ചതാണ് നാട്ടുകാർക്ക് പുതിയ തലവേദനയായിരിക്കുന്നത്. അഷ്ടമുടി ജംഗ്ഷനെയും പെരുമണിനെയും ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്ററോളം വരുന്ന റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കാൻ 2022 ജൂലായിലാണ് ഇളക്കിയിട്ടത്. തൊട്ട് പിന്നാലെ കുടിവെളള പദ്ധതിക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിക്കുഴിക്കുകയും ചെയ്തു. പിന്നീട് നിർമ്മാണം നിറുത്തി വച്ച റോഡിലൂടെയുളള യാത്ര തീർത്തും ദുഷ്കരമായി. ഇങ്ങനെ ഒന്നര വർഷത്തോളം റോഡ് അനാഥമായി കിടന്നതോടെ നാട്ടുകാരുടെ യാത്ര ദുരിതമയമായി. മഴക്കാലത്തെ റോഡിലെ ചെളിയും വേനൽക്കാലത്തെ പൊടിയും ജനങ്ങൾക്ക് ദീർഘനാൾ സഹിക്കേണ്ടി വന്നു.

'പോസ്റ്റ്റ്റായി' നാട്ടുകാർ

റോഡിന്റെ പല ഭാഗങ്ങളിലായി കൊടും വളവുകളിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ ഒന്നും മാറ്റി സ്ഥാപിക്കാതെയാണ് കഴിഞ്ഞ ദിവസം റോഡ് പണി വീണ്ടും തുടങ്ങിയത്. റോഡ് വീതി കൂട്ടിയതോടെ നിരവധി പോസ്റ്റുകൾ റോഡിന്റെ മദ്ധ്യഭാഗത്താകുകയും ചെയ്തു. കൊടുംവളവുകളിൽ നിൽക്കുന്ന പോസ്റ്റുകൾ വലിയ അപകട സാദ്ധ്യതയാണ് ഉയർത്തുന്നത്. റോഡ് വീതി കൂട്ടി ടാറിംഗ് കഴിയുന്നതോടെ വാഹനങ്ങൾ പാതയുടെ മദ്ധ്യത്തിൽ നിൽക്കുന്ന പോസ്റ്റുകളിൽ തട്ടി അപകടത്തിൽപ്പെടാനുളള സാദ്ധ്യത കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. മുളമൂട്- മുണ്ടക്കൽ മുക്ക്, പെരുമൺ സ്കൂൾ- തരിയൻ മുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുത പോസ്റ്റുകൾ ഭീഷണി ഉയർത്തുന്നത്. പെരുമൺ പാലം പൂർത്തിയാകുന്നതോടെ റോഡിലെ തിരക്ക് ഇനിയും കൂടാനാണ് സാദ്ധ്യത.ടാറിംഗിന് ശേഷം പോസ്റ്റ് മാറ്റാം എന്നുവച്ചാൽ റോഡ് വീണ്ടും വെട്ടിക്കുഴിക്കേണ്ടി വരും.

വേഗത പോര

നവീകരണത്തിനായി പൊളിച്ചിടുകയും പൈപ്പിടാൻ വെട്ടിക്കുഴിക്കുകയും ചെയ്ത റോഡിലൂടെയുളള യാത്ര തീർത്തും ദുഷ്കരമാണ്. വേനൽ കടുത്തതോടെ സമീപവാസികളും വ്യാപാരികളും യാത്രക്കാരും പൊടി തിന്നേണ്ട അവസ്ഥയാണ്. മാസങ്ങൾക്ക് ശേഷം നവീകരണം ആരംഭിച്ചെങ്കിലും ജോലികൾക്ക് വേഗതയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുഴി നിറഞ്ഞ റോഡിൽ മെറ്റൽ നിരത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. തുടർ ജോലിക്കുള്ള ഒരുക്കങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.

റോഡിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം പരിഹരിക്കണം. പാതയുടെ മദ്ധ്യഭാഗത്തായി നിൽക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും നടപടി വേണം.

അരുൺ ബാബു, പ്രദേശവാസി

Advertisement
Advertisement