പൊലീസുകാരനെ ആക്രമിച്ചയാൾക്ക് കഠിന തടവും പിഴയും

Wednesday 01 March 2023 12:19 AM IST

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നാല് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലുവാതുക്കൽ വേളമാനൂർ പുളിക്കുഴി ചരുവിളവീട്ടിൽ ജിത്തുവിനെയാണ് ശിക്ഷിച്ചത്.

2020 ആഗസ്റ്റ് 31ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിടികൂടാനായി പാരിപ്പള്ളി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരവൂർ യക്ഷിക്കാവിൽ എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥനായ അനൂപിനെ ജിത്തു ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ആഴമേറിയ കുഴിയിലേക്ക് തള്ളി ഇടുകയുമായിരുന്നു. വീഴ്ചയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയും ഇടത് കൈയുടെ എല്ല് പൊട്ടുകയും ചെയ്തു.

ജോലി തടസപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും പരവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി കൊടതിയിൽ ഹാജരാക്കി. തുടർന്ന് നടന്ന വിസ്താരത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷിക്കുകയായിരുന്നു. പരവൂർ ഇൻസ്‌പെക്ടറായിരുന്ന രതീഷിന്റെ നേതൃത്വത്തിൽ പരവൂർ സബ്ഇൻസ്‌പെക്ടറും നിലവിൽ കണ്ണനല്ലൂർ എസ്.എച്ച്.ഒയുമായ വി.ജയകുമാറും എസ്.ഐ മാരായ കെ.പിജോയിക്കുട്ടി, അഷറഫ്.വൈ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടറായ സി.കെ.സൈജു ഹാജരായി.

Advertisement
Advertisement