ഇ-പോസ് യന്ത്രങ്ങൾ സ്തംഭിച്ചു; റേഷൻ വിതരണം മുടങ്ങി

Wednesday 01 March 2023 12:23 AM IST

കൊല്ലം: സെർവർ തകരാറിനെ തുടർന്ന് ഇ-പോസ് യന്ത്രങ്ങൾ കൂട്ടത്തോടെ സ്തംഭിച്ചതോടെ ജില്ലയിൽ തിങ്കളാഴ്ച സന്ധ്യ മുതൽ ബഹുഭൂരിപക്ഷം കടകളിളും റേഷൻ വിതരണം മുടങ്ങി.

പല റേഷൻകടകളിലും ഇ-പോസ് യന്ത്രം പ്രവർത്തിപ്പിച്ച് തുടങ്ങാൻ പോലുമായില്ല. മറ്റ് ചിലയിടങ്ങളിൽ ഉപഭോക്താവിന്റെ വിരലമർത്തിയിട്ടും മറ്റ് വിവിരങ്ങൾ ലഭ്യമാകാതെ യന്ത്രം സ്തംഭിച്ച് നിന്നു. അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവയ്ക്ക് പ്രത്യേകം ബില്ലടിക്കണം. പലയിടങ്ങളിലും ഒരിനത്തിന്റെ ബില്ല് മാത്രമാണ് അടിക്കാനായത്. മാസാവസാന നാളിൽ ഉപഭോക്താക്കൾ കൂട്ടത്തോടെ റേഷൻ വിഹിതം വാങ്ങാനെത്തിയതോടെ സെർവർ സ്തംഭിക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി വരെ കാത്തിരുന്നിട്ടും റേഷൻ ലഭിക്കാതെ വന്നവർ ഇന്നലെ ഉച്ചയ്ക്ക് വീണ്ടും എത്തിയപ്പോഴും സമാന അവസ്ഥയായിരുന്നു. പലയിടങ്ങളിലും ഉപഭോക്താക്കളുടെ നീണ്ടനിര രൂപപ്പെട്ടു. ചിലയിടങ്ങളിൽ റേഷൻകട ഉടമകളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. വൈകിട്ട് റേഷൻവിതരണത്തിനുള്ള കാലാവധി നീട്ടിയെന്ന അറിയിപ്പ് വന്നതോടെയാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായത്.