കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കൊല്ലം: അമിതവേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പുനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വരൻ ഭവനിൽ അജയകുമാറിന്റെയും ബിന്ദുഷയുടെയും മകൾ ശിഖ (19), പുനലൂർ ഐക്കരക്കോണം കക്കോട് അഭിരഞ്ജത്തിൽ സൈനികനായ രഞ്ജിത്തിന്റെയും അനുവിന്റെയും മകൻ അഭിജിത്ത് (19), എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ ചടയമംഗലം കുരിയോട് നേട്ടേത്തറയിലായിരുന്നു അപകടം.
കിളിമാനൂരിലെ എൻജിനിയറിംഗ് കോളേജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥിയായ ശിഖയെ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. അഭിജിത്ത് പത്തനംതിട്ടയിൽ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ്.
ബുള്ളറ്റിനെ അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കവേ, തട്ടി വീഴ്ത്തുകയായിരുന്നു. തെറിച്ചുവീണ അഭിജിത്തിന്റെയും ശിഖയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ശിഖ തത്ക്ഷണം മരിച്ചു.
ബസ് ഡ്രൈവർ കടന്നുകളഞ്ഞു. തടിച്ചുകൂടിയവർ നോക്കിനിന്നതേയുള്ളു. 20 മിനിറ്റിനുശേഷം അതുവഴി വന്ന പ്രദേശവാസിയായ ഉദയകുമാറാണ് ആംബുലൻസ് വിളിച്ചുവരുത്തി അഭിജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമദ്ധ്യേ മരിച്ചു. പൊലീസ് വൈകിയാണ് എത്തിയത്.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അഭിജിത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഉദയകുമാർ പറഞ്ഞു.ബസ് ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രദ്ധയില്ലാതെ വാഹനം ഓടിച്ച് മരണത്തിന് ഇടയാക്കിയതിന് ഡ്രൈവർക്കെതിരെ കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് സംസ്കാരം നടത്തും. ശിഖയുടെ സഹോദരി ശിവാനി. അഭിജിത്തിന്റെ സഹോദരൻ അഭിരാം ആർ.നായർ.