സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതിയുമായി ഹർഷീന

Wednesday 01 March 2023 1:22 AM IST

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതികിട്ടുന്നില്ലെന്നാരോപിച്ച് മെഡിക്കൽ കോളേജിന് മുമ്പിൽ അടിവാരം മുപ്പതേക്ര കരിമ്പിലാകുന്ന് വീട്ടിൽ ഹർഷീന (32)നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിൽ. സർക്കാരോ ആരോഗ്യമന്ത്രിയോ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിൽ ഹർഷീന ഇന്നലെ വൈകിട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണം,അഞ്ചുവർഷമായി അനുഭവിക്കുന്ന യാതനകൾക്ക് ആറുതിവേണം,അർഹമായ നഷ്ടപരിഹാരം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിൽ.

അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷീന നീതിയുടെ വാതിലുകളെല്ലാം അടഞ്ഞതോടെയാണ് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിന് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്. സർക്കാരിൽ നിന്ന് ഇടപെടലുകളുണ്ടാവുന്നില്ലെങ്കിൽ മരണം വരെ നിരാഹാരമിരിക്കുമെന്ന് ഹർഷീന പറഞ്ഞു. നിരവധി മനുഷ്യാവകാശ പ്രവർത്തകരും സാമൂഹിക സംഘടനകളും പിന്തുണയുമായെത്തിയിട്ടുണ്ട്.