കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു,​ ഒപ്പമുള്ളയാളെ രക്ഷപ്പെടുത്തി

Wednesday 01 March 2023 1:24 AM IST

കോട്ടയ്ക്കൽ: ചങ്കുവെട്ടി കുർബാനിയിൽ നിർമ്മാണത്തിലിരുന്ന കിണറിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങി തൊഴിലാളിയായ എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അലി അക്ബർ(30)​ മരിച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പൊട്ടിപ്പാറ സ്വദേശി അഹദിനെ(26)​ മൂന്നരമണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലി അക്ബറിന്റെ മൃതദേഹം ആറു മണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്.

ഇന്നലെ രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. വീട്ടുടമ കുർബാനി പുതുക്കുടി ഉബൈദിന്റെ നിർമ്മാണത്തിലിരിക്കുന്ന 65 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങി പണിയെടുക്കുകയായിരുന്നു അലി അക്ബറും അഹദും. നാലു തൊഴിലാളികൾ മുകളിലുണ്ടായിരുന്നു. പൊടുന്നനെ താഴ്ഭാഗത്തുനിന്ന് ഒരാൾ പൊക്കത്തിലേറെ ഉയരത്തിൽ മണ്ണിടിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മണ്ണിനടിയിൽ നിന്ന് അഹദിന്റെ ശബ്ദം കേട്ടതിനെ തുടർന്ന് ആ ഭാഗത്തെ മണ്ണ് നീക്കാനാരംഭിച്ചു. ഒരുമണിക്കൂറിനകം അഹദിന്റെ തലയ്ക്കു മുകളിലെ മണ്ണ് നീക്കാനായി. രക്ഷാപ്രവർത്തകരോട് സംസാരിക്കാൻ അഹദിന് കഴിയുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ കിണറിന് പുറത്തെത്തിച്ച ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുകാലുകൾക്കും പരിക്കുണ്ട്. ആരോഗ്യനില ഗുരുതരമല്ല. അഹദിനും താഴെയായി മണ്ണിനടിയിൽപെട്ട അലി അക്ബറിന്റെ മൃതദേഹം ഉച്ചയ്ക്കു മൂന്നരയോടെയാണ് പുറത്തെടുക്കാനായത്.

ഒരുമാസത്തോളമായി കിണറിന്റെ പണി നടക്കുന്നുണ്ട്. താഴ്ഭാഗത്തെ മണ്ണിന് ഉറപ്പു കുറവാണ്. മണ്ണ് നീക്കുന്തോറും കൂടുതൽ മണ്ണിടിയാനുള്ള സാദ്ധ്യത രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഏറെ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്.

തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും കോട്ടയ്ക്കൽ പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അലി അക്ബറിന്റെ ഭാര്യ മുബഷീറ. മക്കൾ: അന ഫാത്തിമ, മുഹമ്മദ് റൈസാൻ, സന ഫാത്തിമ.