ഒരു വർഷം...അരലക്ഷം ലൈഫ് വീടുകൾ #പൂർത്തീകരിച്ചത് 42,273 # ഉടൻപൂർത്തിയാകുന്നത് 9459
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിലൂടെ ഈ സാമ്പത്തിക വർഷം പൂർത്തിയായത് 42,273 വീടുകൾ. ഫെബ്രുവരി 27വരെയുള്ള കണക്കാണിത്. ഫെബ്രുവരിയിൽ മാത്രം 1677 വീടുകൾ സജ്ജമായെന്നാണ് ലൈഫ് മിഷന്റെ കണക്ക്.
2022 - 2023 സാമ്പത്തിക വർഷം 75000 വീടുകളാണ് ലക്ഷ്യമിട്ടത്. നിർമ്മാണത്തിലെ കാലതാമസം കാരണം ലക്ഷ്യത്തിലേക്ക് എത്താനാകില്ലെങ്കിലും അരലക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് ലൈഫ് മിഷൻ. നടപ്പ് സാമ്പത്തിക വർഷം 990.82 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഫെബ്രുവരി 15വരെ 243.64 കോടി ചെലവാക്കി. തുകയുടെ 24.59ശതമാനം വിനിയോഗിച്ചതായാണ് കണക്ക്. മലപ്പുറമാണ് ഈ സാമ്പത്തിക വർഷം കൂടുതൽ വീടുകൾ പൂർത്തിയാക്കിയത്. കോട്ടയമാണ് ഏറ്റവും പിന്നിൽ. 9548 വീടുകളുടെ ബേസ്‌മെന്റും 10819 വീടുകളുടെ ലിന്റലും (സൺഷൈഡ്) പൂർത്തിയായി. 9459 വീടുകളുടെ മേൽക്കൂര നിർമ്മാണം കഴിഞ്ഞു. ലൈഫ് 2020 പട്ടികയിൽ 48873 ഗുണഭോക്താക്കളുണ്ട്. ഇതിൽ 27598 പേർ കരാർ ഒപ്പിട്ടു.
പൂർത്തിയായ വീടുകൾ
(നടപ്പ് സാമ്പത്തിക വർഷം )
മലപ്പുറം.................................7424
പാലക്കാട്..............................6367
കൊല്ലം...................................4803
എറണാകുളം........................3209
തിരുവനന്തപുരം.................2851
കോഴിക്കോട്..........................2583
വയനാട്..................................2577
കാസർകോട്..........................2482
ആലപ്പുഴ..................................2303
തൃശൂർ.....................................2146
കണ്ണൂർ.....................................1902
ഇടുക്കി.....................................1430
പത്തനംതിട്ട.........................1148
കോട്ടയം...................................1049
'ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത് ഈ സാമ്പത്തികവർഷം അവസാനിക്കുമ്പോൾ പൂർത്തിയായ വീടുകളുടെ പൂർണമായ വിവരം ഉടമസ്ഥരുടെ ഫോൺ നമ്പർ സഹിതം പ്രസിദ്ധീകരിക്കും.'
-പി.ബി.നൂഹ്
സി.ഇ.ഒ
ലൈഫ് മിഷൻ