മൂന്നാമങ്കം ഇന്ന് മുതൽ

Wednesday 01 March 2023 4:20 AM IST

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്ര് ഇന്നു മുതൽ

ഇൻഡോർ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഇൻഡോറിൽ തുടങ്ങും. രാവിലെ 9.30 മുതലാണ് മത്സരം. നാല് മത്സരങ്ങളുൾപ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ബോർഡർ - ഗാവസ്കർ ട്രോഫി നിലനിറുത്തിക്കഴിഞ്ഞു. മൂന്നാം മത്സരവും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഒരുപടികൂടി അടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മറുവശത്ത് പരമ്പര സമനിലയെങ്കിലും ആക്കാൻ ഓസ്ട്രേലിയയ്ക്ക് ഈ ടെസ്റ്റിൽ ജയിച്ചേ തീരൂ. അമ്മയ്ക്ക് അസുഖം മൂർചിഛത് മൂലം നാട്ടിലേക്ക് മടങ്ങിയ സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന് പകരം സ്റ്രീവ് സ്മിത്തിന്റെ നേൃത്വത്തിലാണ് ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിറങ്ങുക. പരിക്കിന്റെ പിടിയിലായ വാർണറും ഹാസൽവുഡ്ഡും നാട്ടിലേക്ക് മടങ്ങി. ഹെഡ്ഡായിരിക്കും ഖവാജയ്ക്കൊപ്പം ഓപ്പൺ ചെയ്യുക. പരിക്ക് ഭേദമായ കാമറൂൺ ഗ്രീൻ ഓസീസ് നിരയിലുണ്ടാകും. സ്റ്രാർക്കും കളിച്ചേക്കും. ഇന്ത്യൻ നിരയിൽ ഫോംകണ്ടെത്താൻ പാടുപെടുന്ന കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗിൽ വരാൻ സാധ്യതയുണ്ട്.

ലൈവ്: സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും