ബംഗളൂരു 'ഹീറോസ് '

Wednesday 01 March 2023 4:27 AM IST

 തോറ്റെങ്കിലും കാലിക്കറ്റ് സെമിഫൈനലിൽ കടന്നു

കൊച്ചി: ഹീറോസിന്റെ കരുത്തിലും ഉലയാതെ ബംഗളൂരു ടോർപഡോസ്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പ്രൈം വോളിയിലെ ത്രില്ലർ പോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസിനെ 3-2ന് തകർത്തു. ആദ്യ രണ്ട് സെറ്റ് സ്വന്തമാക്കിയ ബംഗളൂരു അഞ്ചാം സെറ്റ് തിരിച്ചുപിടിച്ചാണ് ജയം സ്വന്തമാക്കിയത്. സ്കോർ 15-11, 15-11, 13-15,10-15, 15-14. തോറ്റെങ്കിലും കാലിക്കറ്റ് സെമിഫൈനലിൽ കടന്നു. ഐബിൻ ജോസ് ആണ് കളിയിലെ താരം. ത്രില്ലർ പോരിൽ ജയിച്ചെങ്കിലും സെമി ഉറപ്പാക്കാൻ ബംഗളൂരിന് ഇന്നത്തെ മത്സരം കൂടി കാത്തിരിക്കണം. ഇ​ന്ന് ​കൊ​ച്ചി​ ​മും​ബ​യ്ക്കെ​തി​രെ​ ​ഒ​രു​ ​സെ​റ്റെ​ങ്കി​ലും​ ​ജ​യി​ച്ചാ​ൽ​ ​ബം​ഗ​ളൂ​രു​ ​സെ​മി​യി​ൽ​ ​ക​ട​ക്കും.​ ​സ​മ്പൂ​ർ​ണ​ ​ജ​യം​ ​നേ​ടി​യാ​ൽ​ ​മും​ബ​യ് ​​ ​സെ​മി​യി​ലെത്തും.അഞ്ച് സെറ്റ് നേടി സമ്പൂർണ ജയം നേടിയാൽ മുംബയ് മിറ്റിയോർസും സെമിയിൽ പ്രവേശിക്കും.

പരിക്കിൽ നിന്ന് മുക്തനായ ക്യൂബൻ ബ്ലോക്കർ ജോസ് സാൻഡോവലൂടെ ആദ്യസെറ്റിന്റെ തുടക്കത്തിൽ ബഹുദൂരം മുന്നേറിയ കാലിക്കറ്റിന് പിന്നീട് ഈ ആതിപത്യം നിലനിറുത്താനായില്ല. ബംഗളൂരുവിന്റെ ഇറാനിയൻ അക്കാക്കർ അലിറസ അബലൂച്ചിന്റെയും എെബിൻ ജോസിന്റെയും തീപാറുന്ന സ്മാഷുകളിൽ കാലിക്കറ്റിന് അടിപതറി. നായകൻ ജെറോമിന്റെ മിന്നൽ സ്മാഷുകൾ ലക്ഷ്യം തെറ്റിയതും സമർദ്ധമായ ബ്ലോക്കുകളിലൂടെയും ബംഗളൂരു ആദ്യസെറ്റ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 15-11

ഇഞ്ചോടിഞ്ച് പോരട്ടത്തിനൊടുവിൽ രണ്ടാം സെറ്റും ബംഗളൂരു നേടി. ജെറോമിന്റെയും അശ്വിന്റെയും കരുത്തിൽ മത്സരം ഒപ്പത്തിനൊപ്പം എത്തിച്ച കാലിക്കറ്റിന് തുടർവീഴ്ചകൾ തിരിച്ചടിയായി. അവസരം മുതലെടുത്ത ബംഗളൂരുവിന്റെ പ്രത്യാക്രമണത്തിൽ കാലിക്കറ്റിന് പിടിച്ചുനിൽക്കാനായില്ല. അറ്റാക്കർ പങ്കജ് ശർമ്മയും ഐബിനും ടി.ആർ സേതുവും ബംഗളൂരുവിനായി തിളങ്ങി. 15-11.പങ്കജിന്റെ വെടിയുണ്ട കണക്കെയുള്ള സ്മാഷുകളിൽ വിറച്ച കാലിക്കറ്റ് മൂന്നാം സെറ്റിന്റെ തുടക്കത്തിലും പോയിന്റ് നേടാൻ വിയർത്തു. ബംഗളൂരുവിന്റെ സർവീസ് പിഴവ് വേണ്ടിവന്നു ആദ്യപോയിന്റ് സ്വന്തമാക്കാൻ. പിന്നീട് ജെറോമിന്റെയും എം. അശ്വിന്റെയും മികവിൽ കുതിച്ച കാലിക്കറ്റ് മത്സരം ഒപ്പമെത്തിച്ചു. വാശിയേറിയ പോരാട്ടത്തിൽ ഉണർന്നുകളിച്ച കാലിക്കറ്റ് സെറ്റ് തിരിച്ചുപിടിക്കുകയായിരുന്നു. 13-15.

സാൻഡോവലും അബിലും മിന്നൽപ്പിണറുകളായ നാലാം സെറ്റും കാലിക്കറ്റ് സ്വന്തമാക്കി. ഇടിവെട്ടുപോലെയുള്ള ജെറോമിന്റെ സ്മാഷുകൾ കാലിക്കറ്റിന് ഊർമജമായി. അഖിനും അവസരത്തിനൊത്ത് ഉയർന്നതോടെ മത്സരം തീപാറി. ബൾഗേറിയൻ അക്കാക്കർ സ്വറ്‌ലൈൻ സെവന്റ്‌നോവും അബലൂച്ചും സേതുവും ഒരുഘട്ടത്തിൽ മത്സരം ബംഗളൂരുവിനൊപ്പമാക്കി. എന്നാൽ അവസാനനിമിഷം കസറിയ സാൻഡോവലും അഖിനും കാലിക്കറ്റിന് സെറ്റ് നേടിക്കൊടുത്തു.

വിജയസെറ്റ് നേടാൻ കാലിക്കറ്റും ബംഗളൂരുവും തുനിഞ്ഞിറങ്ങിയതോടെ മത്സരം തീപാറി. ജെറോമും അഖിനും കാലിക്കറ്റിന് ഊർജമായപ്പോൾ ഐബിന്റെയും സ്വറ്‌ലൈന്റെയും ബംഗളൂരുവിനായി കസറി. പോയിന്റ് 7-7. രണ്ട് പോയിന്റ് മുന്നിലെത്തിയ കാലിക്കറ്റിന് പിന്നെ പിഴച്ചു. സ്മാഷുകൾ ബംഗളൂരു ബ്ലോക്കിൽ തട്ടിവീണു. ആദ്യപത്യം നേടിയ ബംഗളൂരു അബലൂച്ചിലുടെ പോയിന്റുയർത്തി. സൂപ്പർ പോയിന്റ് നേടിയകാലിക്കറ്റ് മത്സരം വീണ്ടും ഒപ്പത്തിനൊപ്പം എത്തിച്ചെങ്കിലും അബലൂച്ച് വില്ലനായി. ഇറാനിയൻ അറ്റാക്കറുടെ പവർഫുൾ സ്മാഷിൽ കാലിക്കറ്റ് വീണു.