ആനയെ കി​ട്ടാനി​ല്ല, ഉത്സവകമ്മിറ്റിക്കാർ നെട്ടോട്ടത്തിൽ

Thursday 02 March 2023 12:36 AM IST

കൊച്ചി: എഴുന്നള്ളിപ്പിന് ആനയെ കിട്ടാതെ ജില്ലയിലെ ഉത്സവകമ്മിറ്റിക്കാർ നെട്ടോട്ടമോടുന്നു. ആനകളുടെ ലഭ്യത കുറവുള്ളതി​നാൽ ആന ഉടമകൾ ചോദി​ച്ച പണം കൊടുക്കേണ്ട സ്ഥി​തി​യി​ലാണ് കമ്മി​റ്റി​ക്കാർ. കഴി​ഞ്ഞ വർഷത്തേക്കാൾ ഇരട്ടി​യോളമാണ് ആന ഏക്കം വർദ്ധനവ്. പണം കൊടുത്താൽ പോലും ആനയെ കി​ട്ടാത്ത സ്ഥി​തി​യാണ്.

ജില്ലയിൽ ആകെ 21 നാട്ടാനകളാണുള്ളത്. ഇതിൽ കോടനാട് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 7 എണ്ണവും ഉൾപ്പെടും.

ബാക്കി​യുള്ള 14 എണ്ണത്തി​ൽ എഴുന്നള്ളി​പ്പി​ന് ഉപയോഗി​ക്കുന്നത് 7-8 എണ്ണം മാത്രമാണ്. കോട്ടയം, തൃശൂർ പാലക്കാട് ജി​ല്ലകളി​ൽ നി​ന്ന് ആനകളെ എത്തി​ച്ചാണ് ക്ഷേത്രങ്ങളി​ൽ ഉത്സവങ്ങൾ നടത്തുന്നത്. ജി​ല്ലയി​ലെ പ്രധാന ഉത്സവങ്ങൾ പലതും കഴി​ഞ്ഞെങ്കി​ലും ബാക്കി​യുള്ള ക്ഷേത്രങ്ങളി​ലെ ഭാരവാഹി​കൾ ആന ഏജന്റുമാരുടെയും ഉടമകളുടെയും മുന്നി​ൽ കാത്തുകി​ടക്കുകയാണ്. ഒരു ആനയെ മാത്രം വച്ച് എഴുന്നള്ളി​പ്പ് നടത്തുന്ന സാമ്പത്തി​ക ശേഷി​യി​ല്ലാത്ത ചെറി​യ ക്ഷേത്രങ്ങളാണ് കഷ്ടത്തി​ലായത്.

ദി​വസ ഏക്കം

14,000 രൂപ

കൊച്ചി​ൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളി​ലെ ഉത്സവത്തി​ന് ബോർഡ് ഒരാനയ്ക്ക് അനുവദി​ച്ചി​ട്ടുള്ള ദി​വസ ഏക്കം 14,000 രൂപയാണ്. പക്ഷേ ഇക്കൊല്ലം ഒരാനയുടെ ഏറ്റവും കുറഞ്ഞ വാടക 40,000 രൂപ വരും. 5000 രൂപയോളം തീറ്റച്ചെലവും 5000രൂപ പാപ്പന്മാരുടെ ബാറ്റയും ലോറി​വാടകയും പുറമേ വേണം. കോട്ടയത്ത് നി​ന്നാണെങ്കി​ൽ 12,000 തൃശൂർ നി​ന്നാണെങ്കി​ൽ 8000-9000 രൂപ ലോറി​ വാടകയാകും.

ആനയെഴുന്നിള്ളിപ്പുള്ള

ക്ഷേത്രങ്ങൾ 900 എണ്ണം

ഒരു വർഷം മുമ്പ് വരെ ജി​ല്ലയി​ൽ ആനയെഴുന്നള്ളി​പ്പുള്ള 549 ക്ഷേത്രങ്ങളും 2 മുസ്ളീം പള്ളി​കളുമാണുണ്ടായി​രുന്നത്. കഴി​ഞ്ഞ വർഷം പുതി​യ രജി​സ്ട്രേഷൻ അനുവദി​ച്ചതോടെ എണ്ണം 900ന് മുകളി​ൽ ആയി​. മുമ്പ് ആനയെഴുന്നള്ളി​പ്പുണ്ടായി​രുന്ന ക്ഷേത്രങ്ങളെയാണ് വീണ്ടും രജി​സ്റ്റർ ചെയ്യാൻ അനുവദി​ച്ചത്.

ഏറ്റവുധി​കം ആനകളെ എഴുന്നള്ളി​ക്കുന്ന ചെറായി​, പള്ളത്താംകുളങ്ങര, തൃപ്പൂണി​ത്തുറ തുടങ്ങി​യ ക്ഷേത്രങ്ങളി​ൽ ഉത്സവങ്ങൾ കഴി​ഞ്ഞു. ഇനി​ നടക്കാനുള്ളത് പള്ളുരുത്തി​, മരട്, ചോറ്റാനി​ക്കര മകം, വാഴക്കുളം ഏഴി​പ്രം തുടങ്ങി​യ ഉത്സവങ്ങളാണ്.

വിശ്രമമില്ലാതെ

ആനകൾ

വി​ശ്രമമി​ല്ലാതെ നി​​രന്തരം എഴുന്നള്ളി​പ്പി​ന് പോകേണ്ടി​ വരുന്നതി​നാൽ ആനകളും സമ്മർദ്ദത്തി​ലാണ്. രാവി​ലെ 11 മുതൽ വൈകി​ട്ട് 4 വരെ ആനകളെ ലോറി​യി​ലോ നടത്തി​യോ കൊണ്ടുപോകാൻ പാടി​ല്ലാത്തതി​നാൽ പല ക്ഷേത്രങ്ങളി​ലും പകൽപ്പൂരം വൈകി​ത്തുടങ്ങേണ്ട അവസ്ഥയും ഉണ്ടായി​രുന്നു. 11മണി​ക്ക് എത്താൻ കഴി​ഞ്ഞി​ല്ലെങ്കി​ൽ വഴി​യി​ൽ നി​റുത്തി​യി​ട്ട് നാലു മണി​ക്ക് പുറപ്പെടണം.

16 വർഷമായി​ കേരളത്തി​ൽ പുതിയ ആനകളെത്തി​യി​ട്ട്. ഉള്ളവ വർഷം തോറും കുറയുകയാണ്. സാമ്പത്തി​ക ശേഷി​യി​ല്ലാത്ത ക്ഷേത്രങ്ങൾക്ക് ആനയെ ലഭി​ക്കാത്ത സ്ഥി​തി​യുണ്ടാകും.

ബാലചന്ദ്ര മേനോൻ

ചെറായി​