ദുരിതത്തിന്റെ പാളത്തിൽ ട്രെയിൻ യാത്രക്കാർ

Thursday 02 March 2023 12:08 AM IST

കൊച്ചി: കോട്ടയം ജില്ലയുടെ വിദൂര ഭാഗങ്ങളിൽ നിന്ന് നിരവധി പേർ നിത്യേന കൊച്ചിയിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വന്നുപോകുന്നുണ്ട്. ബസിലായാൽ ഇവിടെയെത്താൻ മണിക്കൂറുകളെടുക്കും. ധനനഷ്‌ടവും ശാരീരിക ബുദ്ധിമുട്ടുകളും വേറെ. എന്നാൽ ട്രെയിനിലാണെങ്കിൽ ഈവക ബുദ്ധിമുട്ടുകളില്ല. യാത്ര താരതമ്യേന സുഖവുമാണ്. എന്നാൽ ഈ സൗകര്യങ്ങൾ അനുഭവിക്കാൻ തങ്ങൾക്ക് യോഗമില്ലെന്നാണ് കോട്ടയത്തു നിന്നുള്ള ട്രെയിൻ യാത്രക്കാരുടെ പരാതി.

കോട്ടയത്തു നിന്ന് പുലർച്ചെ 6.25 നുള്ള കൊല്ലം എറണാകുളം മെമു കടന്നുപോയാൽ പാലരുവി എക്‌സ്‌പ്രസ് മാത്രമാണ് എറണാകുളത്ത് ഓഫീസ് സമയത്ത് എത്തിച്ചേരാൻ കഴിയുന്ന അടുത്ത ട്രെയിൻ. എന്നാൽ ഇതിലാകട്ടെ കാലെടുത്തു വയ്ക്കാൻ കഴിയാത്തത്ര തിരക്കാണ്. പിന്നീടെത്തുന്ന വേണാട് എക്‌സ്‌പ്രസിനെ ആശ്രയിച്ചാൽ ഓഫീസിൽ സമയത്തിന് എത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ പാലരുവിക്കും വേണാടിനും ഇടയിൽ കൊല്ലത്തു നിന്നു പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ 9.10 ന് എത്തുന്ന വിധം ഹാൾട്ട് സ്റ്റേഷനുകളിൽ ഉൾപ്പെടെ സ്റ്റോപ്പുകളുള്ള മെമു സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ പറയുന്നു.

യാത്രാക്കാരുടെ ധർണ

കോട്ടയം വഴി രാവിലെ കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള റെയിൽവേ യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ട്രെയിൻ യാത്രക്കാർ സൗത്ത് സ്റ്റേഷനിൽ ധർണ നടത്തി. പ്രസിഡന്റ് പോൾ കെ.ജെ. മാൻവട്ടം, സെക്രട്ടറി മനോജ് തോമസ് എന്നിവർ സംസാരിച്ചു.

* പ്രധാന ആവശ്യങ്ങൾ

എല്ലാ ദിവസവും മെമു ട്രെയിൻ സർവീസ് നടത്തുക

വേണാട് എക്സ്‌പ്രസ് എറണാകുളം ജംഗ്‌ഷനിൽ 9.35 നെങ്കിലും എത്തുന്ന രീതിയിൽ സമയം ക്രമീകരിക്കുക

കൊവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളും നിലനിർത്തി

നിലമ്പൂർ - കോട്ടയം പാസഞ്ചർ ഓടിക്കുക

നിലവിലുള്ള പാസഞ്ചറിന് പുറമെ വൈകിട്ട് കോട്ടയം വഴി കൊല്ലത്തേക്ക് ഒരു പാസഞ്ചർ കൂടി ആരംഭിക്കുക

പാലരുവി എക്സ്‌പ്രസിന് ഏറ്റുമാനൂർ, അങ്കമാലി, ചാലക്കുടി, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുക