തമ്മനത്ത് പൊട്ടിയ പൈപ്പ് നന്നാക്കിയത് മിന്നൽ വേഗത്തിൽ

Thursday 02 March 2023 12:05 PM IST

കുടിവെള്ള വിതരണം രണ്ടു ദിവസത്തിനകം സാധാരണ നിലയിലെത്തും

കൊച്ചി: നഗരസഭയിലെ 30 ഡിവിഷനുകളെ ബാധിക്കുമായിരുന്ന തമ്മനത്തെ കൂറ്റൻ പൈപ്പ് പൊട്ടിയത് അതിവേഗത്തിൽ പരിഹരിച്ച് വാട്ടർ അതോറിട്ടി. ചൊവ്വാഴ്ച രാവിലെ 10ന് ശേഷം പാലാരിവട്ടം- തമ്മനം റോഡിൽ പള്ളിപ്പടി ജുമാമസ്ജിദിന് സമീപം പൊട്ടിയ പൈപ്പിന്റെ തകരാർ ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് പരിഹരിച്ചത്.

കലൂർ സ്വദേശി ജോസ്‌ വി. ഫ്രാൻസിസ് ആണ് കരാറുകാരൻ. മുല്ലശേരി കനാലിന്റെ നവീകരണ ജോലികളുടെ കരാറുകാരനാണ്. അവിടെ നിന്നുള്ള തൊഴിലാളികളെയും പമ്പുകളും വളരെ വേഗത്തിൽ എത്തിച്ചതും പണികൾ പെട്ടന്ന് പൂർത്തിയാക്കാൻ സഹായകമായി.

700എം.എം. പ്രിമോ പൈപ്പിന്റെ പൊട്ടിയ ഭാഗം മുറിച്ചു മാറ്റി അവിടെ കാസ്റ്റ് അയണിന്റെ ജോയിന്റ് ഘടിപ്പിച്ചാണ് തകരാർ പരിഹരിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ പൈപ്പിലൂടെ വെള്ളം വിതരണം ചെയ്തിരുന്നു.

പൈപ്പിലേക്കുള്ള വാൽവ് പൂർണമായും തുറന്നാണ് വെള്ളം പമ്പ് ചെയ്യുന്നതെന്നും രണ്ടു ദിവസം കൊണ്ട് സാധാരണനിലയിലേക്ക് എത്തുമെന്നും അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിലെ ബൂസ്റ്റിംഗ് കൂടി ഇനി പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.

റോഡ് തകർന്നത് 15 മീറ്റർ പൈപ്പ് പൊട്ടിയുണ്ടായ ജലപ്രവാഹത്തിൽ തകർന്നത് തമ്മനം- പാലാരിവട്ടം റോഡിന്റെ 15മീറ്ററോളം ഭാഗം. പൈപ്പ് പൊട്ടിയ ഭാഗം ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷമാണ് അടച്ചത്. ഇവിടെ വലിയ ഗർത്തമുണ്ടായി. എട്ട് മുതൽ പത്തടി വരെ താഴ്ചയിലാണ് കുഴിയെടുത്തത്. ഇവിടം മണ്ണിട്ട് നികത്തണം. ഇതിനു പുറമേ എട്ട് മീറ്ററോളം നീളത്തിൽ റോഡ് വിണ്ടു കീറിയിട്ടുമുണ്ട്. ഇവിടത്തെ ടാറിംഗ് അപ്പാടെ നീക്കും.

അതിനു ശേഷം 15മീറ്റർ നീളത്തിൽ റോഡിന്റെ നിലവിലെ വീതിയിൽ ടൈൽ വിരിക്കാനാണ് വാട്ടർ അതോറിട്ടി പദ്ധതിയിടുന്നതത്. പി.ഡബ്ല്യു.ഡിയുടെ അഭിപ്രായംകൂടി ആരാഞ്ഞ ശേഷമായിരിക്കും നടപടി.

നഷ്ടപരിഹാരത്തിൽ അവ്യക്തത ജലപ്രവാഹം ഉണ്ടായപ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളം ഇരച്ച് കയറിയിരുന്നു. പലചരക്കു കടയിൽ മാത്രം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് വിവരം. കടയുടമകൾക്കുണ്ടായ നഷ്ടം എങ്ങനെ നികത്താനാകുമെന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടതതെന്ന് അറിയില്ലെന്ന് കടയുടമ ഷിഹാബും എന്താണ് നടപടി ക്രമമെന്ന് വ്യക്തമല്ലെന്ന് വാട്ടർ അതോറിട്ടി ജീവനക്കാരും പറയുന്നു.

 പൊട്ടൽ ഭീഷണി ഇനിയും കോൺക്രീറ്റും ഉരുക്കും ചേർത്ത് ഉണ്ടാക്കുന്നതാണ് പ്രിമോ പൈപ്പുകൾ. തമ്മനം പ്രദേശത്ത് ഇനിയും ഇത്തരം പൈപ്പുകളുണ്ട്. 40 മുതൽ 50വർഷം വരെ പഴക്കമുള്ള ഇത്തരം പൈപ്പുകൾക്ക് അധികം സമ്മർദ്ദം താങ്ങാനുള്ള ശേഷിയില്ല. ഏറിയ സ്ഥലങ്ങളിലും ബലം കൂടിയ ഡി.ഐ പൈപ്പുകളാണ് ഉപയോഗിക്കുന്നത്.

വളരെ വേഗത്തിൽ തകരാർ പരിഹരിച്ചു. പമ്പിംഗ് ഇന്നോ നാളെയോ സാധാരണ നിലയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ ഷാനു പോൾ അസിസ്റ്റന്റ് എൻജിനിയർ വാട്ടർ അതോറിട്ടി കലൂർ സെക്ഷൻ- 1