ഊട്ടറ പാലം ബലപ്പെടുത്തൽ ഈ മാസം പൂർത്തിയാകും

Thursday 02 March 2023 12:44 AM IST
ഊട്ടറ പാലം ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുന്നു.

കൊല്ലങ്കോട്: കാലപ്പഴക്കത്താൽ കോൺക്രീറ്റ് പാളി തകർന്ന് ഗതാഗതം നിലച്ച ഊട്ടറ ഗായത്രിപ്പുഴ പാലം നവീകരിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തി ഈ മാസം പൂർത്തിയാകും. ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ട് 54 ദിവസം പിന്നിട്ടു.

പാലത്തിന്റെ മുകളിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗം കോൺക്രീറ്റ് ചെയ്തു. ഉപരിതലത്തിൽ വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിവിടുന്നതിന് പൈപ്പ് സ്ഥാപിച്ചു. വശങ്ങളിലെ കൈവരികൾ പുനഃസ്ഥാപിച്ചു. ഇരുമ്പ് ബീമുകൾ പെയിന്റടിച്ച് വൃത്തിയാക്കി തുടങ്ങി.

പാലത്തിനടിയിലെ അടർന്ന ഭാഗം ഇളക്കിമാറ്റി കമ്പികൾ വെൽഡ് ചെയ്ത് പിടിപ്പിച്ച് കോൺക്രീറ്റ് ചെയ്യുന്നത് പുരോഗമിക്കുകയാണ്. രണ്ട് തൂണുകൾക്കിടയിൽ ജോലി പൂർത്തിയായി. ഇനി മൂന്ന് തൂണുകൾക്കിടയിൽ കൂടി സമാന രീതിയിൽ കോൺക്രീറ്റ് ചെയ്യും.

തൂണുകൾ ബലപ്പെടുത്തുന്നതോടെ മാർച്ച് മൂന്നാമത്തെ ആഴ്ചയിൽ പണി തീരുമെന്നാണ് പ്രതീക്ഷ. കോൺക്രീറ്റ് ചെയ്ത ശേഷം പാലത്തിലൂടെ ഉയരം കുറഞ്ഞ വാഹനങ്ങൾ മാത്രം കടത്തിവിടുന്നതിന് സംവിധാനം ഏർപ്പെടുത്തും.