@ മുഴാപാലം നിർമാണത്തിലെ അനാസ്ഥ കരാറുകാരനെതിരെ നടപടിയെടുത്തോ ?

Thursday 02 March 2023 12:04 AM IST
മനുഷ്യാവകാശ കമ്മിഷൻ

ഒരുമാസത്തിനകം അറിയിക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം

കോഴിക്കോട്: മാവൂർ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുഴാപാലം പുതിയ പാലം നിർമ്മിക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയ കരാറുകാരനെതിരെ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ കരാറുകാരൻ നിരുത്തരവാദപരമായി തോട്ടിൽ തള്ളിയതിനെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ നൽകിയ റിപ്പോർട്ടിൻമേൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകി.
പാലം പൊളിച്ച് ഏഴുമാസം കഴിഞ്ഞിട്ടും പുതിയ പാലം പണിയാത്തതിനെതിരെ കാരപറമ്പ് സ്വദേശി എ.സി. ഫ്രാൻസിസ് നൽകിയപരാതിയിലാണ് നടപടി.എം.മുഹമ്മദ് ബഷീർ, മേനങ്ങോട് എന്ന കരാറുകാരനാണ് കരാർ ലംഘനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2020 ഒക്ടോബർ 28 നാണ് കരാർ നൽകിയത്. 15 മാസമാണ് പണി പൂർത്തിയാക്കാൻ അനുവദിച്ചത്. 2021 ജനുവരിയിൽ പാലം പൊളിച്ച് അവശിഷ്ടങ്ങൾ പാലം നിന്നിരുന്ന സ്ഥലത്തെ തോട്ടിൽ നിക്ഷേപിച്ചു. പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങിയതുമില്ല. തുടർന്ന് 2021 സെപ്തംബർ 5 ന് തിരുവമ്പാടി പൊലീസിൽ കരാറുകാരനെതിരെ പരാതി നൽകി. ഒക്ടോബറിൽ പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പാലം നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.

Advertisement
Advertisement