കസേരകളിൽ കല വിരിയിച്ച് രാജേന്ദ്രൻ

Thursday 02 March 2023 12:15 AM IST

പത്തനംതിട്ട : കസേരയ്ക്ക് പ്ളാസ്റ്റിക്ക് വള്ളി വരിയുന്നത് ഒരു കലയാണ്. ആർക്കെങ്കിലും എളുപ്പത്തിൽ ചെയ്യാവുന്ന തൊഴിലല്ല ഇത്. കണ്ടുപഠിച്ച് വശമാക്കിയാലേ ഇൗ കൈത്തൊഴിൽ തുടങ്ങാനാകൂ. അൻപത് വർഷത്തിലേറെയായി പ്ളാസ്റ്റിക് കസേരകളും കട്ടിലുകളും വരിയുന്ന ജോലി ചെയ്യുകയാണ് ആറ്റിങ്ങൽ നഗരൂർ സ്വദേശി രാജേന്ദ്രൻ. പന്ത്രണ്ടാം വയസിൽ അച്ഛൻ ഗോപാലനൊപ്പമാണ് ഇൗ പണിക്കിറങ്ങിയത്. കാലത്തിന്റെ മാറ്റത്തിൽ കസേരകൾക്കും മാറ്റമുണ്ടായപ്പോൾ പ്ളാസ്റ്റിക് കസേരകൾ അപ്രത്യക്ഷമായി. എന്നാലും അറുപത്തിരണ്ടുകാരനായ രാജേന്ദ്രൻ ഇൗ പണിവിടാൻ തയ്യാറല്ല. പ്ളാസ്റ്റിക് കസേരകളും കട്ടിലുകളും നിലനിൽക്കുന്ന കാലം വരെയും തുടരും. കസേരകളും കട്ടിലുകളും വരിയുന്നവർ സംസ്ഥാനത്ത് ഇപ്പോൾ എണ്ണിപ്പറയാവുന്ന ആളുകളേയുള്ളൂവെന്ന് രാജേന്ദ്രൻ പറയുന്നത് ശരിയാകാം. അതുകൊണ്ടാണ് അങ്ങ് കണ്ണൂർ വരെയുള്ള ജില്ലകളിൽ നിന്ന് അദ്ദേഹത്തിന്റെ ഫോണിലേക്ക് വിളിയെത്തും. ഇന്നലെ പത്തനംതിട്ടയിലുണ്ടായിരുന്ന രാജേന്ദ്രൻ ഇന്ന് കണ്ണൂർ തലശേരിക്കു പോകും. അവിടെ സിവിൽ സ്റ്റേഷനിൽ കസേരകൾ കൂട്ടിയിട്ടിരിക്കുകയാണ്. കാസർകോട് ജില്ലയിൽ മാത്രമേ താൻ ജോലിക്കു പോകാതിരുന്നിട്ടുള്ളൂവെന്ന് രാജേന്ദ്രൻ പറയുന്നു. പത്തനംതിട്ട കളക്ടറേറ്റിലെയും മിനി സിവിൽ സ്റ്റേഷനിലേയും പ്ളാസ്റ്റിക് കസേരകൾ വരിഞ്ഞ് പുത്തനാക്കുന്നത് രാജേന്ദ്രനാണ്. വിവിധ ഡിസൈനുകളിൽ കലാപരമായി കസേര വരിയും. ചതുരക്കള്ളി, ചക്രക്കള്ളി, പൂക്കുല എന്നിങ്ങനെയാണ് മോഡലുകൾ. പേരുകൾ എഴുതുന്ന പോലെ വരിഞ്ഞുതരും. കയ്യിലൊരു കുഞ്ഞൻ ആപ്പ് മാത്രമാണ് കസേരകളും കട്ടിലുകളും വരിയാനുള്ള ആയുധം. രാജേന്ദ്രന് ഭാര്യയും ഒരു മകനുമുണ്ട്.

Advertisement
Advertisement