ജി.എസ്.ടി സമാഹരണം: കേരളത്തിൽ 12% വളർച്ച

Thursday 02 March 2023 1:49 AM IST
ജി.എസ്.ടി സമാഹരണം കേരളത്തിൽ വളർച്ച 12%

 ദേശീയതലത്തിൽ 1,49,577 കോടി

കൊച്ചി: കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ നേടിയത് 2,074 കോടിയായിരുന്നു. ബഡ്‌ജറ്റിന്റെ പശ്ചാത്തലത്തിൽ ജനുവരിയിലെ സംസ്ഥാനതല സമാഹരണക്കണക്ക് കേന്ദ്രം പുറത്തുവിട്ടിരുന്നില്ല.

ഡിസംബറിൽ കേരളത്തിൽ നിന്ന് ലഭിച്ചത് 15 ശതമാനം വളർച്ചയോടെ 2,185 കോടി. നവംബറിൽ രണ്ട് ശതമാനം ഇടിവോടെ 2,094 കോടി. ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയോടെ 2,​485 കോടി. സെപ്തംബറിൽ 27 ശതമാനം വളർച്ചയോടെ 2,​246 കോടിയും.

ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 12 ശതമാനം ഉയർന്ന് 1,49,577 കോടിയായി. തുടർച്ചയായ 12-ാം മാസമാണ് സമാഹരണം 1.4 ലക്ഷം കോടി കടന്നത്.

കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 27,662 കോടി കേന്ദ്ര ജി.എസ്.ടിയും 34,915 കോടി സംസ്ഥാന ജി.എസ്.ടിയും 75,069 കോടി ഐ.ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 11,931 കോടിയും ലഭിച്ചു.

മുന്നിൽ മഹാരാഷ്‌ട്ര

കഴിഞ്ഞമാസവും ഏറ്റവുമധികം ജി.എസ്.ടി സമാഹരിച്ചത് മഹാരാഷ്‌ട്രയിൽ. 22,​349 കോടി. 10,​809 കോടി രൂപയുമായി കർണാടകയാണ് രണ്ടാമത്.

സമാഹരണം ഇതുവരെ

(നടപ്പുവർഷത്തെ ദേശീയ സമാഹരണം,

തുക ലക്ഷംകോടിയിൽ)​

 ഏപ്രിൽ : 1.67

 മേയ് : 1.40

 ജൂൺ : 1.44

 ജൂലായ് : 1.48

 ആഗസ്‌റ്റ് : 1.43

 സെപ്തംബർ : 1.47

 ഒക്‌ടോബർ : 1.51

 നവംബർ : 1.45

 ഡിസംബർ : 1.49

 ജനുവരി : 1.57

 ഫെബ്രുവരി : 1.49

(ഏപ്രിലിലെ 1.67 ലക്ഷം കോടിയാണ് ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സമാഹരണം)