കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ. സുരേന്ദ്രൻ

Thursday 02 March 2023 12:48 AM IST

തിരുവനന്തപുരം: സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശിവശങ്കറിന്റെ ചാറ്റുകൾ. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് സ്വപ്ന പറഞ്ഞത്. കേരളത്തിന്റെ സാമ്പത്തിക തകർച്ചയെ സംബന്ധിച്ച നിയമസഭയിലെ ചോദ്യങ്ങൾക്ക് ധനമന്ത്രി ബാലഗോപാൽ മറുപടി പറയാത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. ഇത്രയുംകാലം കേന്ദ്രത്തെ കുറ്റംപറഞ്ഞ് രക്ഷപ്പെട്ട മന്ത്രി ഇപ്പോൾ കണക്കുകൾ പുറത്തുവന്നപ്പോൾ ഒളിച്ചോടുകയാണ്. നികുതിപിരിവിലെ സർക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങൾക്ക് മുമ്പിൽ ചർച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാനപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എട്ട് സിറ്റിംഗ് സീറ്റുകൾ എൽ.ഡി.എഫിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രിക്കുള്ള ജനങ്ങളുടെ താക്കീതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിന്റെ ഒരു സിറ്റിംഗ് സീറ്റ് ഉൾപ്പെടെ രണ്ടുസീറ്റുകളിൽ എൻ.ഡി.എയ്ക്ക് വിജയം നേടാനായി.