പാചകവാതക വില വർദ്ധന പ്രതിഷേധാർഹം: സി.പി.എം

Thursday 02 March 2023 1:51 AM IST

തിരുവനന്തപുരം: ഗാർഹിക, വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് വീണ്ടും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായി ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 49 രൂപ വർദ്ധിപ്പിച്ചതോടെ വില 1100 രൂപയായിരിക്കുകയാണ്. മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ 410 രൂപയായിരുന്നു. അടുപ്പ് പുകയാത്ത നിലയിലേക്ക് രാജ്യത്തെ എത്തിക്കുന്നത് പ്രതിഷേധാർഹമാണ്. എട്ട് വർഷത്തിനിടെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് 12 തവണയാണ് വില വർദ്ധിപ്പിച്ചത്.

വാണിജ്യ സിലിണ്ടറിന് 351 രൂപ വർദ്ധിപ്പിച്ചതോടെ വില 2124 രൂപയാകും. വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധന ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവയെ കാര്യമായി ബാധിക്കും. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിലേക്ക് ഇത് നയിക്കും. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരുടെ ജീവിത ചെലവ് വൻതോതിൽ ഉയർത്തും.

കേരളം രണ്ട് രൂപ സെസ് ഏർപ്പെടുത്തിയപ്പോൾ തെരുവിലിറങ്ങിയ യു.ഡി.എഫ് നേതാക്കളുടെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണം. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ലോക്കലടിസ്ഥാനത്തിൽ ജനകീയ പ്രതിഷേധം ഉയർത്തണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.