ഐ.ഒ.സിയുമായി ധാരണാപത്രം ഒപ്പുവച്ച് ഗരാഷ് മീ
Thursday 02 March 2023 1:10 AM IST
കൊച്ചി: പ്രമുഖ ഓട്ടോമോട്ടിവ് വില്പനാന്തരസേവനദാതാവായ സയാര ഇന്നൊവേഷൻസിന്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ ഓയിൽകോർപ്പറേഷനുമായി (ഐ.ഒ.സി) ധാരണാപത്രം ഒപ്പുവച്ചു. ആലുവ കമ്പനിപ്പടി ഐ.ഒ.സി പമ്പ് എം.എ മൂപ്പൻ ആൻഡ് ബ്രദേഴ്സിൽ നടന്ന ചടങ്ങ് ഐ.ഒ.സി റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ ദീപു മാത്യു ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി ഡിവിഷണൽ റീട്ടെയിൽ സെയിൽസ് ഹെഡ് വിപിൻ ഓസ്റ്റിൻ, കേരള ഡി.ജി.എം പി.ആർ.ജോൺ തുടങ്ങിയവർ പങ്കെടുത്തു.
2020ലാണ് ടെക്‌നോളജി സഹായത്തോടെയുള്ള കേരളത്തിലെ ആദ്യ വാതിൽപ്പടി കാർ സർവീസ് പ്ലാറ്റ്‌ഫോമായ ഗരാഷ് മീ ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള ഐ.ഒ.സി ഔട്ട്‌ലെറ്റുകൾ വഴി ഇനി ഗരാഷ് മീയുടെ സേവനങ്ങൾ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കുക.