വിളക്കെണ്ണയെ വിലക്കാൻ ആരുമില്ല; ക്ഷേത്രങ്ങൾ വെളിച്ചെണ്ണയിലേക്ക്

Thursday 02 March 2023 4:18 AM IST

കൊച്ചി: മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ എണ്ണകൾ വിളക്കെണ്ണ,​ നല്ലെണ്ണ എന്നീ പേരുകളിൽ വ്യാപകമാവുന്നത് തടയാൻ അധികൃതർ അലംഭാവം കാട്ടുമ്പോൾ ക്ഷേത്രങ്ങളിൽ വെളിച്ചെണ്ണ ഉപയോഗിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മായം കലർന്ന നല്ലെണ്ണയ്ക്കും വിളക്കെണ്ണയ്ക്കും പകരം സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ടെങ്കിലും ദേവസ്വം ബോർഡുകളോ സർക്കാരോ ഇതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.

എള്ളെണ്ണയുടെ നാലിലാെന്ന് പോലും വിലയില്ലാത്ത ഈ എണ്ണകൾ ക്ഷേത്രങ്ങളിലും വീടുകളിലും വിളക്കുകത്തിക്കാൻ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. കരിപ്പുക ശ്വസിച്ച് ക്ഷേത്രപൂജാരിമാരിൽ വലിയൊരു വിഭാഗം രോഗങ്ങളുടെ പിടിയിലാണ്. എള്ളിനേക്കാൾ കുറഞ്ഞ വിലയിൽ വിൽക്കുന്ന നല്ലെണ്ണയും ഇതേ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

എള്ളെണ്ണയുടെ വിലക്കയറ്റം കാരണം രണ്ടു പതിറ്റാണ്ട് മുമ്പാണ് വിളക്കെണ്ണയും ഭക്ഷ്യയോഗ്യമല്ലാത്ത നല്ലെണ്ണയും വിപണി കീഴടക്കിയത്.

ഫിൽറ്റർ ചെയ്ത് നിറവും സുഗന്ധവും ചേർത്ത് ഭക്ഷ്യയോഗ്യമല്ലെന്ന് രേഖപ്പെടുത്തി അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിളക്കെണ്ണയിൽ പെട്രോളിയം ഓയിലുകൾ, മൃഗക്കൊഴുപ്പ്, ഹോട്ടലുകൾ ഉപേക്ഷി​ക്കുന്ന എണ്ണ തുടങ്ങി​യവ ചേർക്കുന്നതായി കരുതപ്പെടുന്നു. എള്ളെണ്ണ, വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ തുടങ്ങിയവ ഉണ്ടെന്നാണ് കവറിൽ പറയുന്നത്.

• നിയമപരിധിയിലില്ല

ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിധിയിൽ വിളക്കെണ്ണ വരില്ല. ഇത് ആഹാരവസ്തുക്കളിൽ ഉപയോഗിച്ചാൽ നടപടിയെടുക്കാം.

പി.കെ.ജോൺ വിജയകുമാർ

ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ

എറണാകുളം

വില കിലോ

യഥാർത്ഥ എള്ളെണ്ണ ............460 - 600

മായം ചേർന്ന നല്ലെണ്ണ ......200 - 350

വി​ളക്കെണ്ണ .............................80 - 200

വെളി​ച്ചെണ്ണ ..........................175 - 190

• പൂജാരിമാർ പ്രതിസന്ധിയിൽ

വിളക്കെണ്ണയുടെ കരിയും പുകയും ശ്വസിച്ച് ആയിരക്കണക്കിന് പൂജാരിമാർ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. കറുത്ത നിറത്തിലാണ് ഇവർ തുപ്പുന്നത്. ആസ്ത്‌മ വ്യാപകമാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലാണ് ഈ പ്രശ്നംരൂക്ഷം.

സൗമിത്രൻ തന്ത്രി

ശ്രീഭുവനേശ്വരി ക്ഷേത്രം, ആലുവ

• വി​ളക്കെണ്ണ നി​രോധി​ക്കണം

ഹോട്ടലുകളി​ൽ മത്സ്യ,മാംസങ്ങൾ പാചകം ചെയ്തു കളയുന്ന എണ്ണവരെ ഇതി​ലുണ്ട്. ദുരൂഹമാണ് വി​ളക്കെണ്ണയുടെ ഉത്പാദനവും വി​തരണവും. ഇത് സർക്കാർ അന്വേഷി​ച്ച് നി​യമത്തി​ന് മുന്നി​ൽ കൊണ്ടുവരണം.

വി​ജി​ തമ്പി​

സംസ്ഥാന പ്രസി​ഡന്റ്, വി​ശ്വഹി​ന്ദുപരി​ഷത്ത്

വെളിച്ചെണ്ണ തിരിച്ചുവരുന്നു

എറണാകുളത്തെ എളമക്കര പുന്നയ്ക്കൽ ഭഗവതി​, പുതുക്കലവട്ടം മഹാദേവൻ, പേരണ്ടൂർ ഭഗവതി, ദേവൻകുളങ്ങര ശ്രീഭദ്ര, തൃക്കോവി​ൽ തുടങ്ങിയ ക്ഷേത്രങ്ങളിൽ ഒരുവർഷമായി വെളി​ച്ചണ്ണയാണ് ഉപയോഗിക്കുന്നത്. പരിസരത്തെ മൂന്ന് ചെറുമി​ല്ലുകളാണ് വെളി​ച്ചെണ്ണ നൽകുന്നത്. ഇത്തരം മി​ല്ലുകൾ വ്യാപകമാകുന്നതി​നാൽ വെളി​ച്ചെണ്ണ ലഭിക്കാൻ ബുദ്ധി​മുട്ടി​ല്ല. ഉദയംപേരൂർ ശ്രീനാരായണ വി​ജയസമാജം സുബ്രഹ്മണ്യ ക്ഷേത്രത്തി​ൽ ഒരു മാസമായി​ സ്വന്തം തേങ്ങയി​ൽ ആട്ടുന്ന വെളി​ച്ചെണ്ണയാണ് കത്തിക്കുന്നത്.