ഗ്യാസ് വില കൂട്ടുമ്പോൾ യു.ഡി.എഫിന് മിണ്ടാട്ടമില്ല: മന്ത്രി ബാലഗോപാൽ

Thursday 02 March 2023 12:24 AM IST

തിരുവനന്തപുരം:ഇന്ധനത്തിന് സെസായി കേന്ദ്ര സർക്കാർ 20 രൂപ അധികം വാങ്ങുമ്പോൾ കരിങ്കൊടി പോയിട്ട് അരക്കൊടിപോലും ഉയർത്താത്ത കോൺഗ്രസ്, സംസ്ഥാന സർക്കാർ സാമ്പത്തിക നിലനിൽപിനായി രണ്ടു രൂപ കൂട്ടുമ്പോഴാണ് സമരവുമായി ഇറങ്ങുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേന്ദ്രം ഗ്യാസ് വില കുത്തനെ കൂട്ടുമ്പോൾ യു.ഡി.എഫിന് മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കേന്ദ്രസർക്കാർ ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയും വർദ്ധിപ്പിച്ചു. ഗ്യാസ് സിലിണ്ടറിന്റെ ഇന്നത്തെ വില 1110 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 2120 രൂപയും. ഇത് സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിക്കും. ഹോട്ടലുകളിൽ വിലക്കയറ്റമുണ്ടാകും. ഗ്യാസ് സബ്സിഡി രണ്ട് വർഷത്തിലധികമായി കേന്ദ്രസർക്കാർ നിറുത്തി വച്ചിരിക്കുകയാണ്. പ്രതിവർഷം രണ്ടായിരത്തിലധികം കോടിയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്നത്.
ഒരു വർഷം 10 സിലിണ്ടറുകൾ ഉപയോഗിക്കുന്ന കുടുംബത്തിന് സബ്സിഡി നിറുത്തലാക്കിയതിലൂടെയും ഗ്യാസ് വിലവർദ്ധനവിലൂടെയും ഏകദേശം 5000 രൂപയുടെ അധികഭാരം ഉണ്ടാവുന്നു.

ഇതിനെതിരെ കേരളത്തിലെ പ്രതിപക്ഷം ഒരക്ഷരവും പറയുന്നില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോൾ ഡീസൽ സെസ്സ് വകയിരുത്തിയാൽ സമരവും കലാപവും അഴിച്ചുവിടുന്ന യു.ഡി.എഫ് നേതൃത്വം കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് മുന്നിൽ വിനീതവിധേയരാണ്. സംഘപരിവാർ-യു.ഡി.എഫ് ബാന്ധവത്തിന്റെ പരസ്യമായ തെളിവാണതെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement