വിദഗ്ദ്ധ സമിതി കണ്ടെത്തൽ, ബഫർ സോണിൽ 70,582 നിർമ്മിതികൾ, ഉപഗ്രഹ സർവേയെക്കാൾ 21,582 അധികം

Thursday 02 March 2023 4:30 AM IST

 റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

 എ.ജിയുടെ ഉപദേശശേഷം സുപ്രീംകോടതിക്ക്

തിരുവനന്തപുരം: ഉപഗ്രഹ സർവേയിലുള്ളതിനേക്കാൾ ബഫർ സോണിൽ 21,582 നിർമ്മിതികൾ അധികമെന്ന് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ അഞ്ചംഗ വിദഗ്ദ്ധ സമിതി ഫീൽഡ് സർവേയിൽ കണ്ടെത്തി. ആകെ 70,582 നിർമ്മിതികളുണ്ട്. നേരത്തെ

കെസ്രെക്കിന്റെ (കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്റർ ) ഉപഗ്രഹ സർവേയിൽ 49,000 നിർമ്മിതികളാണ് കണ്ടെത്തിയിരുന്നത്.

മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിച്ച ശേഷം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടും. തുടർന്ന് കേരളത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ വഴി സുപ്രീംകോടതിയിൽ സമർപ്പിക്കും. മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് കേസ് ജനുവരി 16ന് കോടതി വിട്ടിരുന്നു.

സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങളും പൊതുസ്ഥാപനങ്ങളുമടക്കം വിട്ടുപോയെന്നാരോപിച്ചുള്ള പ്രക്ഷോഭങ്ങളെ തുടർന്നാണ് ഫീൽഡ്തല പരിശോധനയ്ക്ക് സർക്കാർവിദഗ്ദ്ധ സമിതി രൂപീകരിച്ചത്.

ഫീൽഡ് പരിശോധനയ്ക്കൊപ്പം ജനങ്ങളുടെ പരാതിയും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് വിശദവിവരം സമിതി ശേഖരിച്ചു.

വിദഗ്ദ്ധസമിതി കൺവീനറും വനം വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.ആർ. ജ്യോതിലാലും സമിതി അംഗങ്ങളും മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഏറ്റവും കൂടുതൽ വയനാട്

 കൂടുതൽ നിർമ്മിതി വയനാട് വന്യജീവി സങ്കേത പരിധിയിൽ: 20,045

 ഏറ്റവും കുറവ് കരിമ്പുഴ വന്യജീവി സങ്കേത പരിധിയിൽ: 77

 ആകെ നിർമിതിയിൽ 52,376 എണ്ണം സ്വകാര്യ വ്യക്തികളുടേത്

 പൊതു കിണറുകളും ഇക്കോ ടൂറിസത്തിന്റെ കെട്ടിടങ്ങളുമുണ്ട്

 519 വിദ്യാഭ്യാസ,175 ആരോഗ്യ സ്ഥാപനങ്ങൾ, 40 ബാങ്കുകൾ, 455 കൃഷിയിടങ്ങൾ

സർക്കാർ പ്രതീക്ഷ

1. ബഫർ സോണിൽ കേരളത്തിലെ ജനസാന്ദ്രതയും വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാൻ വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ടിലൂടെ കഴിഞ്ഞേക്കും

2. ഒരു കിലോമീറ്റർ നിബന്ധനയിൽ ഇളവ് അനുവദിക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. രാജസ്ഥാനിലെ സംരക്ഷിത മേഖലയെ സംബദ്ധിച്ചായിരുന്നു മുൻ ഉത്തരവ്. ഖനനമാണ് പരിഗണിച്ചതെന്നും കോടതി പറഞ്ഞിരുന്നു