രജിസ്‌ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം :  മന്ത്രി വി.എൻ വാസവൻ 

Thursday 02 March 2023 12:33 AM IST

തിരുവനന്തപുരം : രജിസ്ട്രേഷൻ വകുപ്പിന് 2022- 23 സാമ്പത്തിക വർഷം പൂർത്തിയാകും മുമ്പ് റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

ഫെബ്രുവരി അവസാനിച്ചപ്പോൾ 4711.75 കോടിയാണ് ലഭിച്ചത്. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബഡ്‌ജറ്റ് ലക്ഷ്യം. അതിനേക്കാൾ 187.51 കോടി അധികം ലഭിച്ചു. എറണാകുളം ജില്ലയിലാണ് കൂടുതൽ വരുമാനം- 1069 കോടി . രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ല- 629.96 കോടി .

2021-22 സാമ്പത്തിക വർഷം 4431.88 കോടിയായിരുന്നു വരുമാനം. ഇക്കൊല്ലം 279.87 കോടി അധികം ലഭിച്ചു.

സാമ്പത്തികവർഷം തീരുമ്പോൾ വരുമാനം 5000 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മാർച്ചിൽ കൂടുതൽ രജിസ്‌ട്രേഷന് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ നോക്കും. സോഫ്റ്റ്‌വെയർ തകരാറുകൾ ഉണ്ടാകരുതന്നും മോഡ്യൂൾ അപ്‌ഡേഷനുകൾ പാടില്ലെന്നും എൻ. ഐ. സി യെ അറിയിച്ചിട്ടുണ്ട്. ട്രഷറിവകുപ്പ് ആവശ്യത്തിന് സ്റ്റാമ്പ് പേപ്പറുകൾ ലഭ്യമാക്കും.