ഹെൽത്ത് കാർഡ്: നിയമ നടപടികൾ ഏപ്രിൽ ഒന്നു മുതൽ
Thursday 02 March 2023 12:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരായ നിയമനടപടികൾ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കും. ഇതുവരെ എത്ര പേർ ഹെൽത്ത് കാർഡ് എടുത്തുവെന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി രണ്ടു തവണ ദീർഘിപ്പിച്ചിരുന്നു. ഹോട്ടൽ റസ്റ്റോറന്റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥനമാനിച്ചാണ് ഒരു മാസം കൂടി സാവകാശം നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം, ഇനിയൊരു സാവകാശം ഉണ്ടായിരിക്കില്ലെന്നും ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള മരണങ്ങൾ സംഭവിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.