മുഖ്യമന്ത്രിയുടെ കോപ്റ്ററിനും ഇരട്ടച്ചങ്ക് ; മാസവാടക 80 ലക്ഷം

Thursday 02 March 2023 4:34 AM IST

തിരുവനന്തപുരം : ഭീമമായ സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രി, ഗവർണർ, പൊലീസ് മേധാവി തുടങ്ങിയ വി.ഐ.പികൾക്കായി മാസം 80 ലക്ഷത്തിലേറെ വാടകയുള്ള ഇരട്ട എൻജിൻ ഹെലികോപ്ടർ വരുന്നു. ഇന്നലത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. 2021ഡിസംബറിൽ ടെൻഡർ പൊലീസ് അംഗീകരിച്ചതാണെങ്കിലും മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പൊലീസിന്റെ ശുപാർശ കഴിഞ്ഞ ജൂലായിൽ സർക്കാർ തള്ളുകയായിരുന്നു. മത്സര ലേലത്തിലൂടെ കോപ്ടറിന് പുതിയ കരാറുണ്ടാക്കാനാണ് തീരുമാനം.

ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കാവും കോപ്ടർ പ്രധാനമായും ഉപയോഗിക്കുക. വടക്കൻ ജില്ലകളിലെ യാത്രയ്ക്ക് ഇപ്പോൾ സ്വകാര്യ കോപ്ടർ ദിവസ വാടകയ്ക്കെടുക്കുകയാണ്. ആറ് വി.ഐ.പി കളെയും 9 സാധാരണ യാത്രക്കാരെയും അവരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന, 15വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് മൂന്നുവർഷത്തേക്ക് വാടകയ്ക്കെടുക്കുക. വി.ഐ.പികൾക്ക് വിശാലമായ സീറ്റുണ്ടായിരിക്കും. മഴക്കാറോ കാറ്റോ ഉണ്ടെങ്കിൽ പറക്കില്ല.

തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്റിമാർക്കായി കോപ്ടർ സർവീസ് നടത്തുന്ന ചിപ്സൺ ഏവിയേഷനെ പൊലീസ് നേരത്തേ തിരഞ്ഞെടുത്തിരുന്നു. 80ലക്ഷം രൂപയ്ക്ക് 20 മണിക്കൂർ പറക്കും. അധിക മണിക്കൂറുകൾക്ക് 90,000രൂപ വീതം നൽകണം.

ഏതാനും വർഷം മുൻപ് 1.70കോടി മാസവാടകയ്ക്ക് വാടകയ്ക്കെടുത്ത കോപ്ടറിന് 22.21കോടി ചെലവിട്ടു. കാര്യമായി പറന്നതുമില്ല. ഛത്തീസ്ഗഡിൽ ഇതേ കോപ്ടറിന് മാസവാടക 85ലക്ഷമായിരുന്നു. പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടിൽ നിന്നാണ് വാടക നൽകുന്നത്.

ദൗത്യങ്ങൾ

വി.ഐ.പി യാത്ര, വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, തീരദേശത്തും വിനോദ സഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം

സേനാകോപ്ടർ റെഡിയാണ്, എന്നിട്ടും...

1)ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ വ്യോമസേന തിരുവനന്തപുരത്തു നിന്നും നാവികസേന കൊച്ചിയിൽ നിന്നും കോപ്ടർ അയയ്ക്കും.

2) പണം നൽകേണ്ട. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പണമിടപാടിൽ കുറയ്ക്കും.

3)ഏത് കാലാവസ്ഥയിലും പറക്കും, രക്ഷാദൗത്യങ്ങൾ നടത്തും

4)സ്വകാര്യ കോപ്ടറിന് 18% ജി.എസ്.ടി. സേനാകോപ്ടറിന് നികുതി വേണ്ട.