പാചകവാതക വില വർദ്ധന അപലപനീയം: സുധീരൻ
Thursday 02 March 2023 12:36 AM IST
തിരുവനന്തപുരം: ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയും വർദ്ധിപ്പിച്ച എണ്ണ കമ്പനികളുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് വി.എം.സുധീരൻ പ്രസ്താവിച്ചു.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യമാണ് കേന്ദ്രസർക്കാറിന്റെ അനുഗ്രഹത്തോടെയുള്ള എണ്ണക്കമ്പനികൾ വരുത്തിയിട്ടുള്ളത്. 'അച്ഛാദിൻ" പറഞ്ഞ് സ്വയം മേനി നടിക്കുന്ന മോദി സർക്കാർ ജനങ്ങൾക്ക് നൽകുന്നത് ദുർദിനങ്ങൾ മാത്രമാണ്. ഈ കടുത്ത ജനദ്രോഹനടപടി പിൻവലിക്കാൻ എണ്ണക്കമ്പനികളും കേന്ദ്രസർക്കാരും തയ്യാറാകണം. ഇല്ലെങ്കിൽ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുന്ന മോദിയും കൂട്ടരും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സുധീരൻ പറഞ്ഞു.