സർജറിക്ക് കൈക്കൂലി , രണ്ട് ഡോക്ടർമാർ പിടിയിൽ

Thursday 02 March 2023 4:37 AM IST

തൃശൂർ: സർജറിക്ക് കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വനിതയടക്കം രണ്ട് ഡോക്ടർമാർ വിജിലൻസിന്റെ പിടിയിലിയി. ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി 3,000 രൂപയും, അനസ്‌തേഷ്യ ഡോക്ടർ വീണ വർഗീസ് 2,000 രൂപയുമണ് വാങ്ങിയത്.

പാവറട്ടി പൂവത്തൂർ സ്വദേശിയായ വീട്ടമ്മയെ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ഭർത്താവിനോടാണ് ഡോക്ടർമാർ കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ജിം പോളിനെ വിവരം അറിയിച്ചതിനെ തുടർന്ന് കെണി ഒരുക്കി. ആശുപത്രിക്ക് മുന്നിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറികളിൽ വച്ച് തുക കൈപ്പറ്റുന്നതിനിടെ ഡോ. വർഗീസ് കോശിയും ഡോ. വീണ വർഗീസും പിടിയിലാവുകയായിരുന്നു.

രണ്ട് മാസം മുമ്പ് പരാതിക്കാരന്റെ ഭാര്യയെ പ്രസവം നിറുത്തുന്നത്തിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോഴും ഡോ. പ്രദീപ് വർഗീസ് കോശി കൈക്കൂലി വാങ്ങിയിരുന്നു. ഇയാളുടെ കുന്നംകുളത്തുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.