എന്തും പറയാനുള്ള വേദിയല്ല നിയമസഭ: എ.കെ.ബാലൻ
Thursday 02 March 2023 1:38 AM IST
തിരുവനന്തപുരം: അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചൊവ്വാഴ്ച നിയമസഭയിൽ നടത്തിയ പ്രകടനം തീർത്തും ചട്ടവിരുദ്ധമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലൻ പ്രസ്താവിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു സമീപനം ഇന്നേവരെ ഉണ്ടായിട്ടില്ല.
എന്തും പറയാനുള്ള അവകാശം തങ്ങൾക്കുണ്ട്, അതിനാണ് തങ്ങളെ നിയമസഭയിലേക്ക് പറഞ്ഞയച്ചത് എന്ന പ്രസ്താവന ധിക്കാരമാണ്. എന്തും പറയാനുള്ള വേദിയല്ല നിയമസഭ. നിയമസഭയിൽ എന്ത് പറയണം, എങ്ങനെ പറയണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് പ്രതിയാക്കപ്പെട്ട പ്രതി, മാറിമാറിപ്പറയുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.