ജ്യോതിഷം അന്ധവിശ്വാസമല്ല: വി.ഡി.സതീശൻ

Thursday 02 March 2023 12:40 AM IST

തിരുവനന്തപുരം: ജ്യോതിഷം പൗരാണികമായ ശാസ്ത്രമാണെന്നും അന്ധവിശ്വാസമാണെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു..

അന്ധവിശ്വാസ അനാചാര നിവാരണ ബില്ലിൽ നിന്ന് ജ്യോതിഷം ഒഴിവാക്കുക, വിദ്യാർത്ഥികൾക്കുള്ള ഇ-ഗ്രാന്റ് തുക സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കളരിപ്പണിക്കർ സംഘം, ഗണക സമുദായ സഭ, കോഴിക്കോട് പണിക്കർ സർവീസ് സൊസൈറ്റി എന്നിവ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വിശ്വാസങ്ങളുടെ കണ്ണിയാണ് ജ്യോതിഷം .അത് എങ്ങനെ അനാചാരമാകുമെന്ന് മനസിലാവുന്നില്ല. വിശ്വാസവും അന്ധവിശ്വസവും ആചാരവും അനാചാരവും രണ്ടാണെന്ന ബോധം സർക്കാരിന് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി.സുഗതൻ, സംഘടനാ ഭാരവാഹികളായ കെ.സി.എസ്.രാമുപ്പണിക്കർ, കലാധരൻ.പി.കെ, സുമേഷ് ശാന്തിമഠം, ബേപ്പൂർ മുരളീധരപ്പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement