പൊലീസിൽ വിജിലൻസ് സേവനം നിർബന്ധമാക്കും

Thursday 02 March 2023 12:41 AM IST

തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങൾ നിശ്ചിത കാലം വിജിലൻസിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സംസ്ഥാനത്ത് അഴിമതി പൂർണമായി ഇല്ലാതാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വിജിലൻസ് പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുള്ളതെന്നും പൊലീസ്, വിജിലൻസ്, ജയിൽ വകുപ്പുകളുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വിശദമാക്കി.

ഉദ്യോഗസ്ഥ തലത്തിലെ കൈക്കൂലിയും അഴിമതിയും തടയുന്നതിന്റെ ഭാഗമായി 2021ൽ 30 ട്രാപ്പ് കേസുകളും 2022ൽ 47 കേസുകളും, ഈവർഷം രണ്ട് മാസത്തിനുള്ളിൽ 10 കേസുകളും വിജിലൻസ്

രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കാൻ വിജിലൻസിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം 13 മിന്നൽ പരിശോധനകളാണ് നടത്തിയത്. തിരുവനന്തപുരത്ത് മുട്ടത്തറയിൽ വിജിലൻസ് കോംപ്ളക്സ് പൂർത്തിയായി വരുന്നു.

ഗുണ്ടകളെ

അമർച്ച ചെയ്യും ഗുണ്ടകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് കൈക്കൊള്ളുന്നത്. 996 ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ ജില്ലാ കളക്ടർമാർക്ക് ശുപാർശ നൽകി. 349 പേർക്കെതിരെ ഉത്തരവ് നടപ്പാക്കി. ഗുണ്ടാ നിയമപ്രകാരം 749 പേരെ നാടു കടത്താൻ ശുപാർശ നൽകിയതിൽ 387 പേരെ നാടുകടത്തി. പോക്സോ കേസുകൾ വേഗത്തിലാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇത്തരം കേസുകളിൽ 863 പ്രതികളെ ശിക്ഷിച്ചു. പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തുടങ്ങുന്ന 56 കോടതികളിൽ 53 എണ്ണം പ്രവർത്തനമാരംഭിച്ചു. പട്ടികജാതിവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമക്കേസുകൾ കൈാര്യം ചെയ്യാൻ തൃശൂരും തിരുവനന്തപുരത്തും കോടതികൾ ആരംഭിച്ചു. അഞ്ച് കുടുംബ കോടതികളും ആരംഭിച്ചിട്ടുണ്ട്. ജയിലുകൾ തിരുത്തൽ കേന്ദ്രങ്ങളായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.