ഒരണ സമരത്തിന് 65 വയസ്; വീണ്ടും കൺസഷൻ വിവാദം

Thursday 02 March 2023 12:42 AM IST

കൊച്ചി:ബോട്ട് യാത്രാ കൺസെഷന് വേണ്ടി ഇ. എം. എസിന്റെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കെ. എസ്. യു നടത്തിയ ചരിത്രപ്രസിദ്ധമായ ഒരണ സമരത്തിന്റെ 65ാം വാർഷികത്തിൽ, വിദ്യാർത്ഥികളുടെ ബസ് കൺസഷന്റെ പേരിൽ അതേ കെ. എസ്.യു, പിണറായിയുടെ രണ്ടാം ഇടതു സർക്കാരിനെതിരെ പ്രക്ഷോഭ പാതയിൽ.

ആലപ്പുഴ, കുട്ടനാട്, കോട്ടയം പ്രദേശത്ത് ബോട്ട്‌ യാത്ര കൺസഷൻ ഒരണയായി (6.25 പൈസ) നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 1958 ജൂലൈ 12ന് കെ.എസ്.യു തുടങ്ങിയ വിദ്യാർത്ഥി പ്രക്ഷോഭമാണ് 'ഒരണസമരം". അന്ന് ഒരു വയസു മാത്രം പ്രായമുണ്ടായിരുന്ന കെ. എസ്.യുവിന് രാഷ്‌ട്രീയ അടിത്തറ നൽകിയത് ഈ സമരമാണ്. ആലപ്പുഴയിലെ കോൺഗ്രസ് നേതാവ് ദേവകി കൃഷ്‌ണന്റെ മകൻ രവീന്ദ്രൻ എന്ന വിദ്യാർത്ഥിയായിരുന്നു സമരത്തിന്റെ പ്രധാന നേതാവ് - ഇന്നത്തെ വയലാർ രവി. രവിക്കൊപ്പം സമരം നയിച്ച എ. കെ ആന്റണിയും ശ്രദ്ധേയനായി.
1957ൽ ഇ.എം.എസ് സർക്കാർ ആലപ്പുഴയിലെ ജലഗതാഗതം ദേശസാത്കരിച്ചതിന് പിന്നാലെ യാത്രാനിരക്ക് ഉയർത്തുകയും വിദ്യാർത്ഥികളുടെ ഇളവ് 50 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തു. ബോട്ടുടമകൾ ഒരണ ആയിരുന്നു വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിരുന്നത്. ഈ നിരക്ക് തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ചമ്പക്കര കായലിന് കുറുകെ വടംകെട്ടി ബോട്ട് സർവീസ് തടസപ്പെടുത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു.

അതോടെ സമരം രൂക്ഷമായി. ആലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ പോലീസ് 144 പ്രഖ്യാപിച്ചു. നിയമം ലംഘിച്ച നൂറിലേറെ വിദ്യാർത്ഥികൾ അറസ്റ്റിലായി. പഠിപ്പുമുടക്കു സമരം സംസ്ഥാനത്താകെ വ്യാപിച്ചു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക യൂണിറ്റുകൾ വിദ്യാർത്ഥികളെ തെരുവിൽ നേരിട്ടു. 1958 ജൂലൈ 23 ന് ആലപ്പുഴയിൽ വിദ്യാർത്ഥി ജാഥയ്‌ക്കു നേരെ ആക്രമണമുണ്ടായി. അതിൽ പ്രതിഷേധിച്ച് കോട്ടയം, ആലപ്പുഴ ജില്ലകളിൽ കോൺഗ്രസുൾപ്പെടെ പ്രതിപക്ഷം രംഗത്തിറങ്ങി. ഒരു മാസത്തോളം നീണ്ട സമരം കെ. കേളപ്പന്റെ ഒത്തുതീർപ്പ് ചർച്ചയിൽ 1958 ആഗസ്റ്റ് 4 അവസാനിപ്പിച്ചു. വിദ്യാർത്ഥികളുടെ 'ഒരണ" ആവശ്യം സർക്കാർ അംഗീകരിച്ചു.

വീണ്ടും സമരകാഹളം

ഇപ്പോൾ നിരക്കിളവിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും നിലപാട് കടുപ്പിച്ചതിൽ വിദ്യാർത്ഥി സമൂഹം മുറുമുറുപ്പിലാണ്. കൺസഷൻ പിൻവലിച്ചാൽ പ്രക്ഷോഭമുണ്ടാകുമെന്ന് വിദ്യാർത്ഥി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എല്ലാവർക്കും ഇളവ് പറ്റില്ലെന്നും കൺസഷന് മാനദണ്ഡം വേണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആദ്യം സെക്രട്ടേറിയറ്റ് ധർണയും തീർപ്പായില്ലെങ്കിൽ അനിശ്ചിതകാല സമരവും. ആദായ നികുതി നൽകുന്ന രക്ഷിതാക്കളുടെ മക്കൾക്കും 25 വയസ് കഴിഞ്ഞവർക്കും കൺസഷൻ നിഷേധിക്കാൻ കെ.എസ്.ആർ.ടി.സിയും നിയമഭേദഗതിക്ക് ഒരുങ്ങുന്നതാണ് വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭത്തിന് കളമൊരുക്കുന്നത്.

Advertisement
Advertisement