ഒന്നാം ക്ളാസിന് 6 വയസ്, ഈ വർഷം കേന്ദ്ര സിലബസ് സ്കൂളുകളിലും നടപ്പാക്കില്ല

Thursday 02 March 2023 4:39 AM IST

കൊച്ചി: ഒന്നാം ക്ളാസ് പ്രവേശനത്തിന് ആറു വയസ് തികയണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം 2023-24 അദ്ധ്യയന വർഷം കേരളത്തിൽ സംസ്ഥാന സിലബസ് സ്കൂളുകളിലെന്ന പോലെ,കേന്ദ്ര സിലബസിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ സ്കൂളുകളിലും നടപ്പാക്കില്ല.

ഇത് സംബന്ധിച്ച സംസ്ഥാന സർക്കാരുകളുടെ തീരുമാനം അംഗീകരിക്കണമെന്ന് സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ സ്കൂളുകൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയതായി നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു. 2023-24 വിദ്യാഭ്യാസ വർഷം ആറു വയസ് നിബന്ധന നടപ്പാക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളും പറഞ്ഞു. ഇതു നടപ്പാക്കാൻ വിശദമായ ചർച്ചകൾ ആവശ്യമാണ്. പാഠപുസ്തകങ്ങളിലുൾപ്പെടെ മാറ്റം വരുത്തേണ്ടി വരും. ഒന്നാം ക്ളാസ് പ്രവേശനം ആരംഭിച്ച സ്ഥിതിക്ക് ഈ വർഷം ആറു വയസ് പരിധി നടപ്പാക്കുക അപ്രായോഗികമാണ്.

കേന്ദ്രീയ വിദ്യാലയങ്ങളിൽ ആറു വയസ് തികഞ്ഞവർക്കാണ് നിലവിൽ പ്രവേശനം നൽകുന്നത്. ആറാം ക്ളാസ് മുതൽ പ്രവേശനം നൽകുന്നതിനാൽ നവോദയ വിദ്യാലയങ്ങൾക്ക് പ്രശ്നമില്ല. ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ സ്കൂളുകളിലാണ് ആശയക്കുഴപ്പം ഉയർന്നത്.