ഐ.ജി.എസ്.ടി നഷ്ടം:ചർച്ചയില്ല; സഭയിൽ പ്രതിപക്ഷ വാക്കൗട്ട്

Thursday 02 March 2023 12:44 AM IST

തിരുവനന്തപുരം: അന്തർ സംസ്ഥാന ചരക്ക് സേവന നികുതിയിനത്തിൽ (ഐ.ജി.എസ്.ടി) കോടികൾ നഷ്ടമാക്കിയതും, നികുതി ചോർച്ച തടയുന്നതിലെ പരാജയവും ചൂണ്ടിക്കാട്ടി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ എ.എൻ.ഷംസീർ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

. കോൺഗ്രസിലെ റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത് പുതിയ വിഷയമല്ലെന്നും ,രാഷ്ട്രീയ കാരണമാണ് ഇപ്പോൾ ഉന്നയിക്കുന്നതിന് പിന്നിലുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നോട്ടീസ് തള്ളിയത്. വേണമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നും അറിയിച്ചു. നോട്ടീസ് തള്ളിയതോടെ, ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി പ്രതിഷേധിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ സാമ്പത്തിക, പ്രശ്നങ്ങളാണ് തങ്ങൾ ഉന്നയിക്കുന്നതെന്നും ഇതിൽ ചർച്ചയില്ലാത്തത് വിസ്മയിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ ചർച്ചയെ ഭയപ്പെടുകയാണ്. ധനമന്ത്രിക്ക് പോലും ചർച്ച ചെയ്യുന്നതിൽ എതിർപ്പില്ലാത്ത സാഹചര്യത്തിൽ, സ്പീക്കർ ഇത്തരമൊരു റൂളിംഗ് നൽകിയത് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെ തുടർന്നാണെന്ന് സതീശൻ ആരോപിച്ചു.

നഷ്ടമാക്കിയത്

25000 കോടി

ഐ.ജി.എസ്.ടി പൂളിൽ നിന്ന് അഞ്ച് വർഷം കൊണ്ട് കേരളത്തിന് 25000 കോടി രൂപ നഷ്ടമായെന്ന് വി.ഡി.സതീശൻ പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.. വലിയ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാണ് ഐ.ജി.എസ്.ടി വിഹിതം കൂടുതൽ കിട്ടേണ്ടത്. ഈ തുക കിട്ടിയെങ്കിൽ 4500 കോടിയുടെ അധിക നികുതി ചുമത്തേണ്ടി വരുമായിരുന്നില്ല. രണ്ട് ദിവസമായി സമനില തെറ്റിയ മുഖ്യമന്ത്രി ഇന്നും പ്രതിരോധത്തിലാവാതിരിക്കാനാണ് സ്പീക്കറെ ഉപയോഗിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement