മാദ്ധ്യമ ജീവനക്കാരുടെ പെൻഷൻ വിപുലീകരിക്കും

Thursday 02 March 2023 12:46 AM IST

തിരുവനന്തപുരം: മാദ്ധ്യമങ്ങളുടെ പിന്തുണയോടെ മാദ്ധ്യമ മേഖലയിലെ ജീവനക്കാരുടെ പെൻഷൻ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്രത്യേക പെൻഷൻ ഫണ്ട് രൂപീകരിക്കും.

പെൻഷൻ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടികളും ഉടൻ പൂർത്തിയാക്കും, കൂടുതൽ പേരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ഇതു വഴി കഴിയും. പെൻഷൻ ഫണ്ട് രൂപീകരിക്കുന്നതോടെ പെൻഷൻ വർദ്ധനയുടെയും പെൻഷൻ കുടിശ്ശികയുടെയും കാര്യത്തിൽ പരിഹാരമുണ്ടാക്കാനാവും. മാദ്ധ്യമ പ്രവർത്തകർക്കായി ആരോഗ്യ ഇൻഷ്വറൻസ്, പെൻഷൻ പദ്ധതികൾ നടപ്പാക്കുന്നു. ഈ രംഗത്തെ ക്ഷേമപ്രവർത്തനങ്ങൾ പഠിക്കാൻ മറ്റ് സംസ്ഥാനങ്ങൾ തയ്യാറാകുന്നുവെന്ന പ്രത്യേകതയുണ്ട്. മാദ്ധ്യമങ്ങൾക്ക് പരസ്യയിനത്തിൽ നൽകാനുള്ള കുടിശ്ശിക അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വിഹിതത്തിലൂടെ കൊടുക്കുന്നതിന് നടപടി സ്വീകരിക്കും.