ഭൂമി തരംമാറ്റൽ: ലൈഫ് അപേക്ഷകർക്ക് മുൻഗണന

Thursday 02 March 2023 12:47 AM IST

തിരുവനന്തപുരം: ഭൂമി തരംമാറ്റാനുള്ള അപേക്ഷകൾ തീർപ്പാക്കുമ്പോൾ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതും വീട് അനുവദിച്ചതുമായവരുടെ അപേക്ഷകൾ മുൻഗണന നൽകി തീർപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പ്രകാരം, അപേക്ഷകൾ തീർപ്പാക്കുന്നത് മുൻഗണനാ ക്രമത്തിൽ ആയിരിക്കണം. ഇ-ഓഫീസ് നിലവിലുള്ള ഇടങ്ങളിലും അപേക്ഷാ വിവരങ്ങൾ രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും കാനത്തിൽ ജമീലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

ഗുരുതര രോഗങ്ങൾക്ക് ചികിത്സാർത്ഥം ഭൂമി വിൽക്കേണ്ടതിനോ, വായ്പ ആവശ്യം, അനുകമ്പാർഹമായ മറ്റു സാഹചര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻഗണന നൽകേണ്ടുന്ന ആവശ്യങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിച്ചാൽ, റവന്യു ഡിവിഷണൽ ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നിവരടങ്ങുന്ന സമിതി ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് അവ പരിശോധിച്ച് തീരുമാനമെടുക്കും. എല്ലാ മാസവും ആർ.ഡി.ഒ/സബ് കളക്ടർമാരുമായി നടത്തുന്ന അവലോകന യോഗത്തിൽ റവന്യു ഡിവിഷണൽ ഓഫീസുകൾ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.