പി.എഫ് പെൻഷൻ കുറയ്ക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്

Thursday 02 March 2023 12:51 AM IST

കൊച്ചി: ഉയർന്ന പി.എഫ്. പെൻഷൻ ലഭിക്കുന്നതു തടയാൻ ഇ.പി.എഫ്. ഒ അധികൃതർ ശ്രമിക്കുന്നതായി ആരോപിച്ച് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിലെ മുൻ ജീവനക്കാർ നൽകിയ ഹർജിയിൽ, ഹൈക്കോടതിയുടെ ഉത്തരവില്ലാതെ ഇവരുടെ പെൻഷൻ കുറയ്ക്കുകയോ നിയന്ത്രിക്കുകയോ നിറുത്തുകയോ ചെയ്യരുതെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഹർജിക്കാർക്കു മാത്രമാണ് ഉത്തരവു ബാധകം. മറുപടി നൽകാൻ ഇ.പി.എഫ്. ഒ അധികൃതർ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.

ഹർജിക്കാർക്ക് നേരത്തെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ഉയർന്ന പെൻഷൻ ലഭ്യമായത്. ഇത്തരം കേസുകളിൽ ഉയർന്ന പെൻഷൻ പുനപ്പരിശോധിക്കുന്നത് ബന്ധപ്പെട്ട കോടതികളുടെ അനുമതിയോടെ വേണമെന്ന് റീജിയണൽ പി.എഫ് കമ്മിഷണർ മാർഗ്ഗനിർദ്ദേശം നൽകിയിരുന്നു. ഇതു മറികടന്ന് ജനുവരിയിലെ പെൻഷൻ നിഷേധിച്ചതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സാങ്കേതിക പിഴവു കാരണമാണ് പെൻഷൻ മുടങ്ങിയതെന്ന് ഇ.പി.എഫ്.ഒ അധികൃതർ വിശദീകരിച്ചു. ഇക്കാര്യത്തിൽ മറ്റു നടപടി ഉണ്ടാകരുതെന്ന് അന്നു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷവും ഉയർന്ന പെൻഷൻ നിഷേധിക്കുന്ന നിലപാടാണ് അധികൃതർ തുടരുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.