പട്ടയം മിഷൻ ഉടൻ ഭൂരഹിതർക്ക് ഭൂമി

Thursday 02 March 2023 12:53 AM IST

തിരുവനന്തപുരം: ഭൂരഹിതരായ എല്ലാവർക്കും ഭൂമി അനുവദിച്ച് പട്ടയം നൽകുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. ഇത് വേഗത്തിൽ പൂർത്തിയാക്കാൻ പട്ടയം മിഷന് രൂപം നൽകും.

പട്ടയം അപേക്ഷ സ്വീകരിക്കാനും പട്ടയം നൽകാനുള്ള തടസം രേഖപ്പെടുത്താനും ഡാഷ്ബോർഡ് നിലവിൽ വന്നു. ഇത് വിപുലീകരിക്കാൻ ജനപ്രതിനിധികളുടെ യോഗം ചേരും. മലയോര, ആദിവാസി വിഭാഗത്തിന് ഭൂമി നൽകുന്നത് വേഗത്തിലാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ തയ്യാറാക്കി. സർക്കാർ ആദ്യ ഒരു വർഷം 54,535 പ‌‌ട്ടയങ്ങൾ വിതരണം ചെയ്തു. രണ്ടാം വാർഷികത്തോടനുബന്ധിച്ച് 40,000 പട്ടയങ്ങൾ കൂടി നൽകും. ലാൻഡ് ട്രൈബ്യൂണലിൽ 60,000 കേസുകൾ തീർപ്പാക്കുന്നത് പുരോഗമിക്കുകയാണ്. വനാവകാശനിയമപ്രകാരം 1369 പേർക്ക് 1699.04 ഏക്കറിന് അവകാശരേഖ വിതരണം ചെയ്തു. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 198 ഗുണഭോക്താക്കൾക്ക് 38.01 ഏക്കർ ഭൂമി അനുവദിച്ചു. നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ച 7693.223 ഹെക്ടറിൽ 1988.6507 ഹെക്ടർ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്റെ ഭൂമി പോർട്ടൽ

ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ എന്റെ ഭൂമി എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരും. രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യുവകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നിവ ചേർന്നതാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ. ഇതോടെ ഭൂമിയുടെ ക്രയവിക്രയങ്ങളിൽ തർക്കമുണ്ടാകുന്ന സ്ഥിതി മാറും. നാലുവർഷംകൊണ്ട് എല്ലാ ഭൂമിക്കും ഡിജിറ്റൽ രേഖ തയ്യാറാക്കും. ഡിജിറ്റൽ സർവേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരെയും നിയമിക്കും.

കേരളത്തിന്റെ പൊതു ഡേറ്റാ ബേസായി അത് ഉപയോഗിക്കാം. ഏതൊക്കെ വകുപ്പുകൾക്ക് ഇത് ഉപയോഗപ്രദമാകുമോ അവയെല്ലാം സംയോജിപ്പിക്കും. കൈയൂക്കിന്റെ ബലത്തിൽ അതിരുകല്ല് മാറ്റിയി‌ട്ട് ഭൂമി വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങൾ ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ അസാദ്ധ്യമാകും.