കേരളത്തിൽ ഇ.ഡി - കോൺഗ്രസ് കൂട്ടുകെട്ട്: എം.വി. ഗോവിന്ദൻ

Thursday 02 March 2023 12:54 AM IST

മഞ്ചേരി: ഇ.ഡി അന്വേഷണങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വം പറയുമ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമായി ഇ.ഡി-കോൺഗ്രസ് കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മഞ്ചേരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി-അമിത് ഷാ കൂട്ടുകെട്ടുമായി കൈകോർത്താണ് കേരളത്തിലെ കോൺഗ്രസിന്റെ പല നീക്കങ്ങളും. ഇതിന്റെ ഭാഗമായാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത നൽകാൻ കോൺഗ്രസ് എം.എൽ.എ നിയമസഭയെ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജനകീയ പ്രതിരോധ ജാഥ ഇന്നലെ പാലക്കാട്ടേക്ക് പ്രവേശിച്ചു. ഇന്നലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ , പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം പട്ടാമ്പിയിലായിരുന്നു സമാപനം.