സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 126 കോടി കിട്ടാനുണ്ട്- മന്ത്രി

Thursday 02 March 2023 12:56 AM IST

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 126.16 കോടി രൂപ ഇനിയും കിട്ടാനുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കേന്ദ്ര വിഹിതമായി 293.54 കോടിയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 167.38 കോടി മാത്രമാണ് നൽകിയത്. പദ്ധതി നടത്തിപ്പിനായി സ്കൂളുകൾക്ക് നിലവിൽ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി സർക്കാർ പരിശോധിക്കുന്നുണ്ട്.

സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 28,03,297 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തൊഴിലില്ലായ്മ സംബന്ധിച്ച വിവരശേഖരണം നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ന‌‌ടത്തുന്നില്ല. 44 വർഷത്തിനിടെ ഒഡെപെക് മുഖേന 10,019 പേരെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ ഡച്ച്, ജർമ്മൻ ഭാഷകളും ഒഡെപെക്കിന്റെ പരിശീലന കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നുണ്ട്. എസ്.സി/എസ്.ടി വകുപ്പുമായി സഹകരിച്ച് വിദേശഭാഷ പരിശീലനത്തിനും വിദേശ ഉപരിപഠനത്തിന് വേണ്ട സഹായം നൽകി അതത് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമായി പ്രാരംഭ ചർച്ച ആരംഭിച്ചു.