സിസയെ തിരുവനന്തപുരത്ത് തന്നെ നിയമിക്കാൻ ഉത്തരവ്

Thursday 02 March 2023 12:57 AM IST

 രാജശ്രീയുടെ നിയമനത്തിൽ സ്റ്റേയില്ല

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ.സിസാ തോമസിന് തിരുവനന്തപുരത്ത് നിയമനം നൽകണമെന്ന് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. സിസയെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് സർക്കാർ മാറ്റിയിരുന്നു.

31ന് വിരമിക്കുന്ന സിസയ്ക്ക് അവർ വഹിച്ചിരുന്ന പദവിക്ക് തുല്യമായ സ്ഥാനവും തിരുവനന്തപുരത്ത് തന്നെ നിയമനവും നൽകണമെന്നാണ് ജസ്റ്റിസ് പി.വി. ആശ, പി.കെ. കേശവൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. തന്നെ മാറ്റി ഡോ.എം.എസ്. രാജശ്രീയെ സീനിയർ ജോയിന്റ് ഡയറക്ടറായി നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സിസ ട്രൈബ്യൂണലിനെ സമീപിച്ചത്. സ്റ്റേ ചെയ്യാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു.

തിരുവനന്തപുരത്തിന് പുറത്തേക്കാണ് നിയമിക്കുന്നതെങ്കിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടാവാനും നിയമനം നൽകിയില്ലെങ്കിൽ ശമ്പളത്തിനടക്കം പ്രശ്നമുണ്ടാവാനും ഇടയുണ്ടായിരുന്നു.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ ഡയറക്ടർ, ഡോ. രാജശ്രീ. എം. എസ് എന്നിവരായിരുന്നു ഹർജിയിലെ എതിർകക്ഷികൾ.