തൃച്ചേന്ദമംഗലത്ത് കെട്ടുരുപ്പടികൾ നിരന്നു, ആനന്ദനടനമാടി ആറാട്ട് ഉത്സവം

Thursday 02 March 2023 12:14 AM IST

അടൂർ : പെരിങ്ങനാട്ടെ പത്ത് കരകളുടെ ദേശദേവനായ തൃച്ചേന്ദമംഗലം മഹാദേവരുടെ ഉത്സവത്തിന് ആയിരങ്ങൾ ഒഴുകിയെത്തിതോടെ ആറാട്ട് ഉത്സവം ഭക്തിസാന്ദ്രമായി. എട്ട് ഇരട്ടകാളകളും പോത്തടി, മലമേക്കര എവിടങ്ങളിൽ നിന്നുള്ള കുതിരകളും കാഴ്ചയുടെ കെട്ടുറപ്പായി. ഒാരോ കരകളിലും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വിവിധ കരകളിൽ നിന്നുള്ള കെട്ടുരുപ്പടികൾ വാദ്യമേളങ്ങൾ, നാടൻകലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് നാലരയോടെ കരപ്രതിനിധികൾ എത്തി ശാസ്താക്ഷേത്രത്തിന് മുന്നിൽ കരപറഞ്ഞ് നാളി കേരം ഉടച്ചതോടെ ആറാട്ട് എഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. കരമുറപ്രകാരം ഒാരോ കെട്ടുരുപ്പടികൾക്കുമുന്നിലും എരിക്കിൻപൂമാല ചാർത്തി ഇരട്ടജീവതയിലേറിയ മഹാദേവർ ആനന്ദനൃത്തമാടി. ഇൗ സമയം കരക്കാർ കെട്ടുരുപ്പടികൾ മഹാദേവന് മുന്നിൽ കളിപ്പിച്ച് സായൂജ്യരായി. ഒരോ കെട്ടുരുപ്പടികളും ശ്രീകോവിലിന് മുന്നിൽ സമർപ്പിച്ചു. തുടർന്ന് വിശാലമായ കാഴ്ചപ്പറമ്പിലേക്ക് നീങ്ങി. പത്ത് കരകൾക്ക് പുറമേ വിവിധ ദേശങ്ങളിൽ നിന്ന് ഉത്സവപ്രേമികളും എത്തിയതോടെ കുംഭച്ചൂടിനെ വകവയ്ക്കാതെയുള്ള അഭൂതപൂർവ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കാഴ്ചപ്പറമ്പിന് പടിഞ്ഞാറുള്ള ആറാട്ട് കുളത്തിന് അഭിമുഖമായി കെട്ടുരുപ്പടികൾ കരക്കാർ അണിനിരത്തി. ജീവതയിലേറിയ മഹാദേവൻ ഒാരോ കെട്ടുരുപ്പടികൾക്ക് മുന്നിലുമെത്തി ആനന്ദനടനമാടി. തുടർന്ന് ആറാട്ടിനായി ക്ഷേത്രക്കുളത്തിലേക്ക് എഴുന്നെള്ളി. ആറാട്ട് കഴിഞ്ഞ് പുലർച്ചയോടെ മഹാദേവൻ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയതോടെ പത്തുദിവസം നീണ്ടുനിന്ന ഉത്സവത്തിന് കൊടിയിറങ്ങി.