പഴുതടച്ച് പൊലീസ്; കുടുങ്ങിയത് വൻ കവർച്ചാ സംഘം

Thursday 02 March 2023 12:20 AM IST

കോഴിക്കോട്: വീട്ടമ്മയുടെ ധീരതയിൽ കുരുക്കിലാക്കിയ തസ്‌കര കുടുംബത്തിനായി പൊലീസ് നടത്തിയത് പഴുതടച്ച അന്വേഷണം. അതോടെ അറസ്റ്റിലാത് നാലംഗ കുടുംബം. തമിഴ്‌നാട് ഡിണ്ടിഗൽ കാമാക്ഷിപുരം സ്വദേശി അയ്യപ്പൻ എന്ന വിജയകുമാർ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45),മകൾ സന്ധ്യ (25), എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വൻ തോതിൽ കവർച്ച നടക്കുന്നതായി റിപ്പോർട്ട് ചെയ്തതിരുന്നു.ഇന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നടന്നിട്ടുള്ള കവർച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ ഐ.പി.എസ് സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിനു നിർദ്ദേശം നൽകി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചു കൊണ്ടിരിക്കെ കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യമുണ്ടായിരുന്നു.

സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യത്തിൽ മൂന്ന് സ്ത്രീകൾ ചേർന്നാണ് കവർച്ച ചെയ്യുന്നതെന്നും മനസിലാക്കിയിരുന്നു. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയൽ ജില്ലകളിലും സമാനമായ രീതിയിൽ കളവ് നടക്കുന്നതായി മനസിലാക്കിയ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിഞ്ഞു.തുടർന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിൽ കർണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു.

ഫെബ്രുവരി 28ന് നരിക്കുനിയിൽ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയാണ് മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ തടഞ്ഞത്.തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതു .ഇതോടെയാണ് കേസിന് വഴിത്തിരിവായത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിധത്തിലും പൊലീസിനോട് സഹകരിച്ചിരുന്നില്ല. കവർച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകൾ ആയതിനാൽ ഫോണിൽ നിന്നും വിവരങ്ങളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല.തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പൊലീസ് മലപ്പുറം മക്കരപ്പറമ്പിലുള്ള മൊബൈൽ ഷോപ്പിലെത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. മുൻപ് മൊബൈൽ ഫോൺ വാങ്ങിയപ്പോൾ കൊടുത്തിരുന്ന മറ്റൊരു മൊബൈൽ നമ്പർ കിട്ടിയെങ്കിലും നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.

എന്നാൽ മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രികരിച്ച് രാത്രി മുഴുവൻ നടത്തിയ തെരച്ചിലിൽ പുലർച്ചയോടെ അയ്യപ്പനെയും, ഭാര്യയായ വസന്തയെയും കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്ത് അന്വേഷിച്ചതിൽ നിന്നും വർഷങ്ങളായി മക്കരപ്പറമ്പ് ഭാഗങ്ങളിൽ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും പാലക്കാടും തുണിക്കച്ചവടവും പാത്ര കച്ചവടവുമാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചുമാണ് അവിടെ താമസിച്ചിരുന്നതെന്നും വിവരം കിട്ടി. ആളുകൾക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തിൽ വേഷം ധരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് വേഷംമാറാൻ കയ്യിലുള്ള ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ കരുതുകയും വഴിയിൽ വെച്ച് തന്നെ വേഷം മാറുകയു ചെയ്തു. മക്കരപ്പറമ്പ് സ്‌കൂളിന് സമീപമുള്ള ലൈൻ മുറി ക്വാർട്ടേഴ്‌സിലാണ് ഒരു വർഷത്തോളമായി താമസിക്കുന്നത്. പ്രതികളിൽ നിന്നും സ്വർണം തൂക്കുന്നതിനുള്ള മെഷീൻ,കളവ് ചെയ്ത മൊബൈൽ ഫോൺ , പണം, പഴ്‌സുകൾ, കട്ടിങ്ടൂൾ, എന്നിവയും പൊലീസ് കണ്ടെടുത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്തതിൽ ഇതേ ബസിൽ നിന്നു തന്നെ പണവും രേഖകളുമടങ്ങിയ പേഴ്‌സും അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദകശ്ശേരി അമ്പലത്തിൽ തൊഴാൻ നിൽക്കുന്ന സ്ത്രീയുടെ മാലകവർന്നതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.