ഇന്ത്യയെ സ്പിൻ 'തിരിഞ്ഞു'കൊത്തി
ഓസ്ട്രേലിയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി
ഇന്ത്യ 109ന് ആൾഒൗട്ട്,ഓസീസ് 156/4; 47 റൺസ് ലീഡ്
ആദ്യ ദിനം ഓസീസ് സ്പിന്നർമാരുടെ തേരോട്ടം, മാത്യു ക്യുനേമന് അഞ്ചുവിക്കറ്റ്
ഇൻഡോർ : ആദ്യ രണ്ട് ടെസ്റ്റുകളിൽ സ്പിന്നർമാരെ ഉപയോഗിച്ച് ഓസ്ട്രേലിയയെ തുന്നം പാടിപ്പിച്ച ഇന്ത്യയ്ക്ക് ഇൻഡോറിൽ ഇന്നലെ തുടങ്ങിയ മൂന്നാം ടെസ്റ്റിൽ കനത്ത തിരിച്ചടി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ വെറും 109 റൺസിന് ആൾഒൗട്ടാക്കിയ ഓസ്ട്രേലിയ മറുപടിക്കിറങ്ങി ആദ്യ ദിനം കളിനിറുത്തുമ്പോൾ 156/4 എന്ന നിലയിലെത്തി. ഇപ്പോൾ 47 റൺസ് ലീഡിലാണ് സന്ദർശകർ.അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നർ മാത്യു ക്യുനേമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലയണും ഒരു വിക്കറ്റ് വീഴ്ത്തിയ ടോഡ് മർഫിയും ചേർന്നാണ് ഇന്ത്യയെ പിച്ചിച്ചീന്തിയത്. സ്പിന്നർമാർക്ക് വേണ്ടി ഇന്ത്യ ഒരുക്കിയ പിച്ചിൽ ഇന്ത്യതന്നെ വീണുപോയ സ്ഥിതിയായിരുന്നു ഇന്നലെ ഇൻഡോറിലുണ്ടായത്.
ഫോമിലല്ലാത്ത കെ.എൽ രാഹുലിനെയും പരിക്കേറ്റ ഷമിയെയും മാറ്റി ശുഭ്മാൻ ഗില്ലിനെയും ഉമേഷ് യാദവിനെയും ഉൾപ്പെടുത്തി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങൾ. അനാവശ്യ ഷോട്ടിനായി ക്രീസ് വിട്ടിറങ്ങിയ രോഹിത് ശർമ്മമുതൽ വാലറ്റത്ത് മുഹമ്മദ് സിറാജ് വരെ ഓസീസ് സ്പിന്നർമാരുടെ കെണിയിൽ വട്ടം കറങ്ങുകയായിരുന്നു.22 റൺസെടുത്ത വിരാട് കൊഹ്‌ലിയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ്സ്കോറർ. രോഹിത്(12),ഗിൽ(21),ശ്രീകർ ഭരത്(17),ഉമേഷ് യാദവ് (17), അക്ഷർ പട്ടേൽ(12*) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
30 പന്തുകളിൽ 27 റൺസ് കൂട്ടിച്ചേർത്ത് രോഹിതും ഗില്ലും ചേർന്ന് നന്നായി തുടങ്ങിയെങ്കിലും ആറാം ഓവറിന്റെ അവസാനപന്തിൽ ക്യുനേമാനെതിരെ സ്റ്റെപ്പ് ഒൗട്ട് ചെയ്ത രോഹിതിനെ കീപ്പർ അലക്സ് കാരേ ഈസിയായി സ്റ്റംപ് ചെയ്തതോടെ കളി മാറി. പിന്നീട് ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നു. എട്ടാം ഓവറിൽ ഗിൽ ക്യുനേമാന്റെ പന്തിൽ സ്ളിപ്പിൽ നിന്ന ഓസീസ് നായകൻ സ്മിത്തിന് ക്യാച്ച് നൽകി.അടുത്ത ഓവറിൽ ചേതേശ്വർ പുജാരയെ(1) ലയൺ ക്ളീൻ ബൗൾഡാക്കി. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ജഡേജ(4) 11-ാം ഓവറിൽ ഒരു എൽ.ബി അപ്പീലിൽ നിന്ന് ഡി.ആർ.എസിലൂടെ രക്ഷപെട്ടെങ്കിലും അടുത്ത പന്ത് അനാവശ്യമായി വീശിയടിച്ച് ക്യുനേമന് ക്യാച്ച് നൽകി.12-ാം ഓവറിൽ ശ്രേയസ് അയ്യറുടെ (0) ബാറ്റിൽതട്ടി ക്യുനേമന്റെ പന്ത് സ്റ്റംപിൽ കയറിയതോടെ ഇന്ത്യ 45/5 എന്ന നിലയിലായി.
തുടർന്ന് വിരാടും ശ്രീകാർ ഭരതും ചേർന്ന് തട്ടിമുട്ടി 70ത്തെത്തിച്ചു. അവിടെ വച്ച് വിരാടും വീണു. ടോഡ് മർഫിയാണ് വിരാടിനെ എൽ.ബിയിൽ കുരുക്കിയത്. ഈ പരമ്പരയിൽ ഇത് മൂന്നാം തവണയാണ് മർഫി വിരാടിനെ പുറത്താക്കുന്നത്. ശ്രീകാർ ഭരതും അശ്വിനും (3) കൂടി പുറത്തായതോടെ ഇന്ത്യ 88/8 എന്ന നിലയിലായി. തുടർന്ന് രണ്ട് സിക്സും ഒരുഫോറും പറത്തിയ ഉമേഷിന്റെ സാഹസമാണ് 100കടത്തിയത്. 108ൽവച്ച് ഉമേഷിനെ എൽ.ബിയിൽ കുരുക്കി ക്യുനേമൻ അഞ്ചുവിക്കറ്റ് തികച്ചു. അടുത്ത ഓവറിൽ സിറാജ് (0) റൺഒൗട്ടായതോടെ ലഞ്ച് കഴിഞ്ഞ് അധികം വൈകാതെ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീല വീണു.
മറുപടിക്കിറങ്ങിയ ഓസീസിന് വേണ്ടി 147 പന്തുകളിൽ 60 റൺസ് നേടിയ ഉസ്മാൻ ഖ്വാജയാണ് തിരിച്ചടിക്ക് നേതൃത്വം നൽകിയത്.ഓപ്പണർ ട്രാവിസ് ഹെഡിനെ(9)രണ്ടാം ഓവറിൽ ജഡേജ പുറത്താക്കിയിരുന്നു. എന്നാൽ ഖ്വാജയും ലാബുഷേനും (31) ചേർന്ന് 108വരെയെത്തിച്ചു. 35-ാം ഓവറിലാണ് ലാബുഷേനെ ജഡേജ ബൗൾഡാക്കിയത്. വൈകാതെ ഖ്വാജയെയും സ്മിത്തിനെയും (26) ജഡേജ പുറത്താക്കിയെങ്കിലും ഓസീസ് മാന്യമായ ലീഡിലെത്തിയിരുന്നു. കളിനിറുത്തുമ്പോൾ പീറ്റർ ഹാൻഡ്സ്കോംബും(7),കാമറൂൺ ഗ്രീനുമാണ് (6) ക്രീസിൽ.