ഗോകുലം വിജയ തീരത്ത്

Wednesday 01 March 2023 11:50 PM IST

കോഴിക്കോട്: കേരള പ്രീമിയർ ലീഗിലെ സൂപ്പർ സിക്സിൽ തുടർച്ചയായി നേരിട്ട അപ്രതീക്ഷിത തോൽവികളിൽ നിന്ന് മുക്തരായി ഗോകുലം കേരള എഫ്.സി ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ സിക്സ് മത്സരത്തിൽ കോവളം എഫ്.സിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് വിജയ തീരമണിഞ്ഞു.

24ാം മിനിട്ടിൽ മദ്ധ്യനിര താരം അർജുൻ ജയരാജ് ആദ്യ ഗോൾ നേടി. ഘാന താരം സാമുവൽ കൊനൈ 39ാം മിനിട്ടിലും പകരക്കാരായി ഇറങ്ങിയ സ്‌റ്റെഫൻ സതാർകർ 77ാം മിനിട്ടിലും നൈജീരിയൻ താരം ഗോഡ്‌ഫ്രെ ഒമാഡു 90ാം മിനിട്ടിലും ഗോകുലത്തിനായി വലകുലുക്കി. സൂപ്പർ സിക്‌സിലെ ആദ്യമത്സരത്തിൽ വയനാട് എഫ്.സിയോടും തുടർന്ന് കേരള പൊലീസിനോടും തോൽവിയേറ്റു വാങ്ങിയ ഗോകുലത്തിന് ഗ്രൂപ്പിൽ മുന്നേറാൻ കോവളം എഫ്.സിക്കെതിരെ വിജയം അനിവാര്യമായിരുന്നു. നിലവിൽ ഗ്രൂപ്പിൽ നാല് കളിയിൽ മൂന്ന് ജയവുമായി കേരള പൊലീസാണ് ഒന്നാമത്. ആറിന് കേരള യുണൈറ്റഡുമായി കോട്ടപ്പടി സ്‌റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ അടുത്ത മത്സരം