ജസ്റ്റ് ഫൊണ്ടെയ്ൻ ഇനി ഓർമ്മകളിൽ ഗോളടിക്കും

Wednesday 01 March 2023 11:52 PM IST

പാരീസ്:ഒരൊറ്റ ലോകകപ്പിലെ ഗോൾ വേട്ടകൊണ്ട് ഇതിഹാസമായിത്തീർന്ന മുൻ ഫ്രഞ്ച് ഫുട്ബാളർ ജസ്റ്റ് ഫൊണ്ടെയ്ൻ അന്തരിച്ചു. 89 വയസായിരുന്നു. താരത്തിന്റെ കുടുംബമാണ് ഇന്നലെ മരണവിവരം പുറത്തുവിട്ടത്. 1958 ലോകകപ്പിൽ മാത്രം കളിച്ച് അതിലെ ആറു മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയതാണ് ഫൊണ്ടെയ്നെ അനശ്വരനാക്കിയത്. ഫൊണ്ടെയ്ന്റെ റെക്കാഡ് 54 കൊല്ളം പിന്നിട്ടിട്ടും തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

1958-ലെ ലോകകപ്പിൽ പെലെയുടെ ഗംഭീര പ്രകടനത്തിന്റെ മികവിൽ ബ്രസീൽ കിരീടമുയർത്തിയെങ്കിലും ഫൊണ്ടൈന്റെ ഗോളടി മികവ് വേറിട്ടുനിന്നു. ലോകം കണ്ട ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളായിരുന്നു ജസ്റ്റ് ഫൊണ്ടയ്ൻ. 1953ൽ ഫ്രാൻസിനായുള്ള അരങ്ങേറ്റമത്സരത്തിൽ ലക്സംബർഗിനെതിരെ ഫൊണ്ടെയ്ൻ ഹാട്രിക് നേടിയിരുന്നു. 1933-ൽ മൊറോക്കോയിൽ ജനിച്ച ഫൊണ്ടെയ്ൻ മൊറോക്കൻ ക്ലബ്ബ് യു.എസ്.എം കാസാബ്ലാങ്ക, ഫ്രഞ്ച് ക്ലബ്ബുകളായ നീസ്, റെയിംസ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1950-കളിൽ റെയിംസിന്റെ സുവർണകാലഘട്ടത്തിൽ നിർണായക സാന്നിധ്യമായിരുന്നു. റെയിംസിനായി മൂന്ന് ഫ്രഞ്ച് ഡിവിഷൻ വൺ കിരീടങ്ങളും കൂപ്പ്‌ ഡി ഫ്രാൻസ് ട്രോഫിയും നേടിയിട്ടുണ്ട്.

1962ൽ പരിക്കുമൂലം കളിക്കളത്തിൽ നിന്ന് വിരമിച്ച അദ്ദേഹം 1967 മുതൽ 1981 വരെ പാരീസ് സെന്റ് ജർമ്മെയ്ൻ അടക്കം വിവിധ ക്ളബുകളുടെ പരിശീലകനുമായിരുന്നു.

21

ഫ്രാൻസിനായി 21 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഫൊണ്ടെയ്ൻ 30 ഗോളുകൾ നേടി.

1958

ലോകകപ്പിൽ 13 ഗോളുകൾ നേടിയ ഫൊണ്ടെയ്ൻ ഗോൾഡൻ ബൂട്ടിന് അവകാശിയായി.

165

ഗോളുകളാണ് ഫ്രഞ്ച് ലീഗ് വണ്ണിലെ 200 മത്സരങ്ങളിൽ നിന്ന് ഫൊണ്ടെയ്ൻ നേടിയത്.

2003

ൽ ഫ്രഞ്ച് ഫുട്‌ബാൾ ഫെഡറേഷൻ പിന്നിട്ട അൻപത് വർഷങ്ങളിലെ ഏറ്റവും മികച്ച ഫ്രഞ്ച് താരമായും തിരഞ്ഞെടുത്തിരുന്നു.

ലോകകപ്പുകളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മെസിക്കൊപ്പം നാലാം സ്ഥാനത്താണ് ഇപ്പോൾ ഫൊണ്ടെയ്ൻ. മിറോസ്ളാവ് ക്ളോസെ(16 ഗോളുകൾ),റൊണാൾഡോ(15),ഗെർഡ് മുള്ളർ (14) എന്നിവരാണ് ഫൊണ്ടെയ്നെക്കാൾ മുന്നിലുള്ളത്.

1958 ലോകകപ്പിലെ ഗോൾ ഫൊണ്ടെയ്ൻ

ജൂൺ എട്ടിന് സ്വീഡനിലെ ഇദ്രോസ് പാർക്ക് സ്റ്റേഡിയത്തിൽ പരാഗ്വേയ്ക്ക് എതിരെ ഹാട്രിക് നേടിയാണ് ഫൊണ്ടെയ്ൻ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. അടുത്ത മത്സരത്തിൽ യുഗോസ്ളാവിയയ്ക്ക് എതിരെ രണ്ടുഗോൾ. സ്കോട്ട്‌ലാൻഡിനെതിരെ ഒരു ഗോൾ. വടക്കൻ അയർലാൻഡിനെതിരെ രണ്ടുഗോളുകൾ. ബ്രസീലിനെതിരെ ഒരു ഗോൾ ജർമ്മനിക്കെതിരെ നാലുഗോളുകൾ.ഇതാണ് അന്താരാഷ്ട്ര ഫുട്ബാളിലെ ഏറ്റവും മികച്ച പ്രകടനം.