വൻ സ്ഫോടക വസ്തുക്കളും പടക്ക നിർമ്മാണ സാമഗ്രികളും പിടികൂടി

Thursday 02 March 2023 12:32 AM IST

കൊട്ടാരക്കര: നെടുവത്തൂർ വെൺമണ്ണൂരിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലൈസൻസും സുരക്ഷയുമില്ലാതെ ശേഖരിച്ച വൻ സ്ഫോടക വസ്തുക്കളും പടക്ക നിർമ്മാണ സാമഗ്രികളും പിടികൂടി.

വെൺമണ്ണൂർ കൃഷ്ണവിലാസം പടക്കം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണിക്കൃഷ്ണൻ, മാതാവ് രാധാമണിഅമ്മ, സഹോദരി സിന്ധുവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് എന്നിവിടങ്ങളിൽ നിന്നാണ് പടക്കനിർമ്മാണ സാമഗ്രികളും സ്ഫോടക വസ്തുക്കളും പിടികൂടിയത്.

രാധാമണിയുടെ വീട്ടിൽ കിടപ്പുമുറിയിൽ വരെ പടക്കവും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നു. പടക്കം ഉണ്ണിയും അമ്മ രാധാമണിയും വെവ്വേറെ വ്യാപാരം നടത്തി വരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരത്തേയും നിരവധി തവണ പടക്കം ഉണ്ണി ലൈസൻസ് ഇല്ലാതെ പടക്കം സൂക്ഷിച്ചിരുന്നതിന് അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ കൃഷ്ണവിലാസം രാധാമണിയെ (73) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഒളിവിൽ പോയ പടക്കം ഉണ്ണിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ജനവാസ മേഖലയിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചതറിഞ്ഞ ഞെട്ടലിലാണ് പരിസരവാസികൾ.

ചൂട് സമയത്ത് സുരക്ഷയില്ലാതെ പടക്കം സൂക്ഷിച്ചതിനെതിരെ പരിസരവാസികളും രംഗത്തെത്തി. മൂന്ന് വീടുകളിൽ നിന്നും വലിയ ഗുണ്ട്, ചെറിയ ഗുണ്ട്, മാലപ്പടക്കം, ഓലപ്പടക്കം, കമ്പക്കുറ്റികൾ, കരിമരുന്ന്, സൾഫർ, മറ്റു പടക്ക നിർമ്മാണ സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു. കൊട്ടാരക്കര എസ്‌.ഐ ദീപുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.