കോളേജ് ബസിനടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: തിരുവല്ലം വണ്ടിത്തടത്ത് കോളേജ് ബസിനടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവല്ലം എയ്സ് കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥിയും പാച്ചല്ലൂർ കന്യാർനട മുടുമ്പിൽ വീട്ടിൽ അബ്ദുൾ ജലീൽ- മുബീന ദമ്പതികളുടെ മകൻ മുഹമ്മദ് തൽസീൻ(19) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.30ഓടെ പാച്ചല്ലൂർ വണ്ടിത്തടം റോഡിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം.
ബന്ധുവായ നൗഫലിന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് കോളേജിൽ പോകുകയായിരുന്നു തൽസീൻ. കോളേജ് ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിലിടയ്ക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് ബസിനടിയിൽപ്പെടുകയായിരുന്നു. തൽസീൻ സഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് തയൂബാണ് തൽസീലിന്റെ സഹോദരൻ. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, കോളേജ് ബസിടിച്ചാണ് അപകടം നടന്നതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എയ്സ് കോളേജ് അധികൃതർ അറിയിച്ചു.