കെട്ടിടമില്ല, കാറ്റാടികൾക്ക് നികുതി ഈടാക്കാതെ പഞ്ചായത്ത്

Friday 03 March 2023 12:02 AM IST
കാറ്റാടി പാടം

അഗളി: പഞ്ചായത്ത് പരിധിയിൽ കാറ്റാടികൾക്ക് നികുതി ഈടാക്കുന്നില്ല. എത്ര കാറ്റാടികൾ പ്രദേശത്ത് ഉണ്ടെന്ന കൃത്യമായ കണക്കുപോലും പഞ്ചായത്തിനില്ല. കാറ്റാടികൾക്ക് കെട്ടിട നമ്പർ ഇല്ലാത്തതിനാൽ നികുതി ഈടാക്കുന്നുമില്ല. അഗളി സ്വദേശി നൽകിയ വിവരാവകാശത്തിന് പഞ്ചായത്ത് നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പത്തുവർഷത്തോളമായി കാറ്റാടികൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഈ കാറ്റാടികളിൽ ഒന്നിന് പോലും നാളിതു വരെ നികുതി ഈടാക്കാത്തത് പഞ്ചായത്തിനും സർക്കാരിനും വൻ നഷ്ടമാണുണ്ടാക്കുന്നത്. കാറ്റടികൾ സ്ഥാപിക്കുന്നതിന് കുന്നിടിച്ച് നിരത്തിയാണ് വഴി വെട്ടിയത്. മൊബൈൽ ടവറുകൾക്കും മറ്റും 400 രൂപ മുതൽ 500 രൂപ വരെ നികുതി ഈടാക്കുമ്പോഴാണ് ഒരു രൂപ പോലും നൽകാതെ കാറ്റാടികൾ പ്രവർത്തിക്കുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കുന്നുമുണ്ട്.

സർക്കാരിൽ നിന്ന് പ്രത്യേകിച്ച് ഉത്തരവില്ലാത്തതും പഞ്ചായത്ത് ചട്ടങ്ങളിൽ കാറ്റാടികളുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഇല്ലാത്തതും മൂലം നടപടിയെടുക്കാനാകില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ജെ.രാജീവ് പറഞ്ഞു.

Advertisement
Advertisement