അയൽസംസ്ഥാനങ്ങളിൽ ഉയർന്ന നിരക്ക്; കളംമാറ്റിച്ചവിട്ടി മലയാളി കരാറുകാർ

Friday 03 March 2023 1:27 AM IST

കൊച്ചി: നിർമാണസാമഗ്രികൾക്ക് 2022ലെ വിപണി നിരക്ക് അയൽസംസ്ഥാനങ്ങൾ നൽകുമ്പോൾ കേരളത്തിലെ കരാറുകാർക്ക് അഞ്ചുവർഷം മുമ്പത്തെ നിരക്ക് മാത്രം. ഉയർന്ന നിരക്ക് ലഭിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് മലയാളികളായ കരാറുകാർ കളം മാറ്റിത്തുടങ്ങി.

സിമന്റും കമ്പിയും ടാറും ഉൾപ്പെടെ സാമഗ്രികൾക്ക് പകുതിയിലേറെ വില കൂടിയിട്ടും പഴയ നിരക്ക് നൽകുന്നത് നിർമാണങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. കെട്ടിടം, റോഡ്, പാലം തുടങ്ങിയവയുടെ ടെൻഡർ വിളിക്കുമ്പോൾ നിർമാണ സാമഗ്രികളുടെ വില കൂടി കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. നിശ്ചിത തുകയിൽ താഴെ ക്വട്ടേഷൻ നൽകുന്നവർക്കാണ് കരാർ ലഭിക്കുക. ഡൽഹി ഷെഡ്യൂൾ ഒഫ് റേറ്റ് (ഡി.എസ്.ആർ) മാനദണ്ഡമാക്കിയാണ് സംസ്ഥാനങ്ങൾ വില നിശ്ചയിക്കുന്നത്. 2018ലെ ഡി.എസ്.ആർ പ്രകാരമുള്ള വിലയാണ് കേരളം ഇപ്പോഴും നൽകുന്നത്.

കേന്ദ്ര സർക്കാരും അയൽസംസ്ഥാനങ്ങളും ഡി.എസ്.ആർ പുതുക്കിയിട്ടുണ്ട്. 2022 ൽ പുതുക്കിയ നിരക്കാണ് കേന്ദ്ര പദ്ധതികളിലും തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളും നൽകുന്നത്. കേരളത്തിലും പുതുക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്ന് കരാറുകാർ പറഞ്ഞു.

നഷ്ടമൊഴിവാക്കാൻ കള്ളപ്പണി

2018ലെ ഡി.എസ്.ആർ പ്രകാരം ഒരു വീപ്പ ടാറിന് 6,500 രൂപയാണ് കേരളത്തിൽ ലഭിക്കുക. എണ്ണക്കമ്പനികൾ 10,000 രൂപയാണ് ഈടാക്കുന്നത്. നഷ്ടം ഒഴിവാക്കാൻ കള്ളപ്പണിയും ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയും നടത്തുന്നതായി കരാറുകാർ സ്വകാര്യമായി പറയുന്നു. സിമന്റ്, കമ്പി, കല്ല്, പാറപ്പൊടി തുടങ്ങിയവയ്ക്ക് അഞ്ചു വർഷത്തിനിടെ ഇരട്ടി വരെ വില വർദ്ധിച്ചെങ്കിലും ഡി.എസ്.ആർ നിരക്ക് പഴയതുതന്നെയാണ്.

തെലങ്കാനയിൽ വിപണി നിരക്ക്

അടിസ്ഥാനസൗകര്യ വികസനത്തിനും വ്യവസായരംഗത്തും വമ്പൻ പദ്ധതികൾ നടപ്പാക്കുന്ന തെലങ്കാന, വിപണി വിലയാണ് ടെൻഡറിൽ ഉൾപ്പെടുത്തുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതി മൂന്നു മാസത്തിലൊരിക്കൽ വിപണിവില വിലയിരുത്തി സാമഗ്രികളുടെ വിലപ്പട്ടിക പുതുക്കും. ഇതുമൂലം പദ്ധതികൾ ഏറ്റെടുക്കാനും സമയബന്ധിതമായും ഗുണനിലവാരം ഉറപ്പാക്കിയും പൂർത്തിയാക്കാൻ കഴിയുമെന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ഭാരവാഹി എം.വി. ആന്റണി പറഞ്ഞു.

കളംമാറ്റി മലയാളികളും

വൻപദ്ധതികൾ നടപ്പാക്കുന്ന തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേയ്ക്ക് കേരളത്തിലെ കരാറുകാർ കളംമാറ്റുന്നുണ്ട്. ഉയർന്ന നിരക്ക്, അനുമതികൾക്ക് ഏകജാലകം, ചുവപ്പുനാടക്കുരുക്കില്ലായ്‌മ, പണി പൂർത്തിയാകുന്ന മുറയ്ക്ക് ബിൽ തുക ലഭിക്കുന്നത് തുടങ്ങിയവയാണ് കാരണമെന്ന് അന്യസംസ്ഥാനങ്ങളിൽ സർക്കാർ ജോലി​കൾ ഏറ്റെടുക്കുന്ന പ്രമുഖ കരാറുകാരൻ പറഞ്ഞു.

..............................................

''നിരക്ക് വർദ്ധിപ്പിക്കണമെന്ന് വർഷങ്ങളായി സർക്കാരുമായുള്ള ചർച്ചകളിൽ ആവശ്യപ്പെടുന്നതാണ്. വർദ്ധിപ്പിക്കാമെന്ന് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.""

വർഗീസ് കണ്ണമ്പിള്ളി, പ്രസിഡന്റ്

കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ

Advertisement
Advertisement