പത്തനംതിട്ട നഗരത്തിലെ തോടുകൾ, കാടുമൂടി , നീരുവറ്റി

Friday 03 March 2023 12:07 AM IST

പത്തനംതിട്ട : വെള്ളത്തിന് പകരം നിറയെ കാടുംപടർപ്പും. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ വേറെ. പത്തനംതിട്ട നഗരത്തിലെ തോടുകളുടെ അവസ്ഥയാണിത്. കൊറ്റൻതോട്, ഞവരത്തോട്, സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേയും മേലെ വെട്ടിപ്രത്തേയും പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിനടുത്തുള്ള തോടുകൾ സമാന സാഹചര്യത്തിലാണ്. യഥാസമയം വൃത്തിയാക്കാത്തതാണ് നാശത്തിന് കാരണം. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടുകളാണിവയെല്ലാം. ചിലയിടങ്ങളിൽ മലിനജലം കെട്ടികിടക്കുകയാണ്. തോടിന് ഇരുവശങ്ങളിലുമുള്ള മരങ്ങൾ തോട്ടിലേക്ക് വീണ് കിടക്കുന്നുമുണ്ട്.

മാലിന്യം രൂക്ഷം

പ്ലാസ്റ്റിക് മാലിന്യങ്ങളും ഓടകളിൽ നിന്നുള്ള മാലിന്യങ്ങളുമെല്ലാമായി മലിനമാണ് നഗരത്തിലെ തോടുകൾ. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതിനാൽ ഓട്ടോ റിക്ഷ സ്റ്റാൻഡിന് സമീപം രൂക്ഷമായ ദുർഗന്ധമായിരുന്നു. മൂക്ക് പൊത്തിയാണ് സമീപത്തെ കടകളിലുള്ളവർ കഴിഞ്ഞത്. നഗരത്തിലെ മറ്റു തോടുകളുടെ അവസ്ഥയും ഇതുതന്നെയാണ്.

തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് മാസത്തിലൊരിക്കൽ തോട് വൃത്തിയാക്കിയിരുന്നു. തെളിനീരൊഴുകും പദ്ധതിയിൽ ഉൾപ്പെടുത്തിയും തോടുകൾ ശുചീകരിച്ച് വീണ്ടെടുത്തിരുന്നു. ഇപ്പോൾ മാസങ്ങളായി ഇതൊന്നും അധികൃതർ കണ്ടമട്ടില്ല. എല്ലാ തോടുകളിലും കുറ്റിച്ചെടികളും പടപ്പും മണ്ണും നിറഞ്ഞിരിക്കുകയാണ്.

Advertisement
Advertisement